അധികാരികളുടെ കണ്ണ് തുറക്കണമെങ്കില്‍ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം: പ്രകൃതി
മാനന്തവാടി: കൃത്യമായി ഇ-ഗ്രാന്‍ഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാര്‍ഥികള്‍ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളില്‍ അധികാരികളുടെ കണ്ണ് തുറക്കണമെങ്കില്‍ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം . അങ്ങനെയാണ് എനിക്ക് മാവോയിസ്റ്റ് എന്ന പേര് പോലും ലഭിച്ചതെന്ന് നര്‍ത്തകിയും, കവിയുമായപ്രകൃതി പറഞ്ഞു.
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിവസത്തില്‍ മഴവില്‍ നിറങ്ങളില്‍ മനുഷ്യര്‍ : കലയും സാഹിത്യവും അനുഭവങ്ങളും എന്ന വിഷയത്തിന്മേല് നടന്ന പാനല്‍ ഡിസ്കഷനില്‍ സംസാരിക്കുകയായിരുന്നു പ്രകൃതി. ഒരേ സമയം ആദിവാസി എന്ന നിലയിലും ട്രാന്‍സ് വ്യക്തി എന്ന നിലയിലും നേരിടേണ്ടി വന്ന വിവേചനങ്ങളെയും വെല്ലുവിളികളെയും പറ്റി പ്രകൃതി സംസാരിച്ചു. വയനാട്ടിലെ പണിയ വിഭാഗത്തില്‍പ്പെട്ട പ്രകൃതി എന്ന ട്രാന്‍സ് വ്യക്തിയുടെ ഈ സാഹിത്യോത്സവത്തിലെ സാന്നിദ്ധ്യം പ്രശംസനാര്ഹമാണെന്ന് അഭിനേതാവും ക്വീര്‍ ആക്ടിവിസ്റ്റും ആയ ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു.
പണിച്ചി എന്ന കവിത പണിയ ഭാഷയില്‍ എഴുതിയത് പണിയ വിഭാഗത്തിലെ മനുഷ്യര്‍ക്ക് കൂടി വായിക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് അതേ ഭാഷയില്‍ എഴുതിയതെന്ന് പ്രകൃതി പറഞ്ഞു. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ജെന്‍ഡര്‍ അവബോധത്തെ പറ്റിയും പ്രകൃതി പരാമര്‍ശിച്ചു.
എല്ലാ എഴുത്തുകാരെയും പോലെ തങ്ങള്‍ മുഖ്യധാരയില്‍ പരിഗണിക്കപ്പെടാറില്ല എന്നും മറിച്ച് പ്രത്യേക വിഭാഗം സൃഷ്ടിച്ച മാറ്റിയിരുത്തലാണ് പൊതുവേ എല്ലാ സാഹിത്യോത്സവങ്ങളിലും നടക്കുന്നതെന്ന് സെഷന് മോഡറേറ്ററും യുവ കവിയുമായ ആദി ഉന്നയിച്ചു. കഴിഞ്ഞ സാഹിത്യോത്സവത്തെ അപേക്ഷിച്ചു ഇത്തവണ അഞ്ചു ക്യുര്‍ വ്യക്തികളെ ഈ വേദിയില്‍ കണ്ടതിലുള്ള സന്തോഷം ശീതള്‍ ശ്യാം പങ്കുവച്ചു. എന്നാല്‍ പലപ്പോഴും ക്വീര്‍ വ്യക്തികളുടെ പ്രതിനിധാനം ട്രാന്‍സ് വിമന്സിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നു എന്നും അവിടെ മഴവില്‍ നിറങ്ങളിലെ മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളിക്കാന്‍ പൊതു സമൂഹം ഇന്നും മടി കാണിക്കുന്നുവെന്നും ശീതള്‍ പറഞ്ഞു.
ഇന്ന് കേരള സമൂഹത്തില്‍ ക്വീര്‍ വ്യക്തികള്‍ക്ക് ലഭിക്കുന്ന ദൃശ്യത ഒരുപാട് പോരാട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ പുരോഗമനമാണ്. വൈവിധ്യങ്ങളെ അടയാളപ്പെടുത്താന്‍ ഭരണാധികാരികളെ പോലും പ്രേരിപ്പിച്ചത് ക്വീര്‍ പ്രൈഡ് പോലുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളാണ്. ശാസ്ത്രീയ നൃത്തത്തിനുള്ളിലെ ജാതിമത വര്‍ഗ്ഗ സ്വാധീനങ്ങളെ പറ്റി നര്‍ത്തകിയും അഭിനേത്രിയുമായ സഞ്ജനാ ചന്ദ്രന് പറഞ്ഞു. നാട്യശാസ്ത്രത്തില്‍ അനിവാര്യമായ പൊളിച്ചെഴുത്തുകളെ പറ്റിയും ക്വീര്‍ സമൂഹത്തിനുള്ളിലെ തന്നെ ജാതി ബോധത്തെ പറ്റിയും സഞ്ജന പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ കഥകള്‍ മാത്രം പറയുന്ന ഭരതനാട്യത്തില്‍ വാവരുടെയും വേളാങ്കണ്ണി മാതാവിന്റെയും യേശുക്രിസ്തുവിന്റെയും കഥകള്‍ പറഞ്ഞു കൊണ്ടുള്ള നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള മാറ്റങ്ങളെ പറ്റിയും സഞ്ജന പറഞ്ഞു. 30 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നൃത്ത അഭ്യാസം നല്‍കുന്നുണ്ടെന്ന് സഞ്ജന പറഞ്ഞു.
ഭാഷ എന്നത് സംസ്കാരത്തിന്റെ മുഖമാണ് ആ മുഖത്തിന്റെ പ്രതിബിംബമാണ് സാഹിത്യം അതേ ഭാഷ എക്കാലത്തും വൈവിധ്യമാര്‍ന്ന മനുഷ്യരെ മുറിവേല്‍പ്പിച്ചിട്ടുണ്ട്, എന്ന് എഴുത്തുകാരിയായ വിജയരാജമല്ലിക പറഞ്ഞു. ക്വീര്‍ വ്യക്തികളുടെ പ്രണയവും കാമനകളും എഴുതുമ്പോള്‍ മലയാളത്തില്‍ കൃത്യമായ വാക്കുകള്‍ ഇല്ല എന്നത് സത്യമാണെന്നും അത്തരത്തില്‍ പുതിയ വാക്കുകള്‍ നിര്‍മ്മിക്കാന്‍ കേരളത്തിലെ എഴുത്തുകാര്‍ മുന്നോട്ടുവരണമെന്നും വിജയരാജമല്ലിക അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ കൊളോണിയലിസം മുറിവേല്‍പ്പിച്ച ക്വീര്‍ ജീവിതങ്ങളെയും അവരുടെ ചരിത്രങ്ങളെ പറ്റിയും ചര്‍ച്ച നീണ്ടു.
ചോദ്യോത്തര വേളയില്‍ പരസ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ക്വീര്‍ അടയാളപ്പെടുത്തലുകളെ പറ്റി ഉയര്‍ന്ന ചോദ്യത്തിന് മുതലാളിത്തവും ഹിന്ദുത്വവും ഒരിക്കലും ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നായിരുന്നു കവിയായ ആദിയുടെ മറുപടി
റിപ്പോര്‍ട്ട്: അനൂജ ജി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vkzhck