എല്ലാ പരാതികളിലും പരിഹാരം ആശ്വാസത്തോടെ മടക്കം; വേറിട്ട അനുഭവമായി കരുതലും കൈത്താങ്ങും അദാലത്ത്
കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കെന്നതിനായി കല്പറ്റ സെന്റ് ജോസഫ് കോണ്‍വന്റ് സ്കൂളില്‍ നടത്തിയ 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തില്‍ ലഭിച്ച എല്ലാ പരാതികളും തീര്‍പ്പാക്കി. വര്‍ഷങ്ങളായി പരിഹരിക്കാതിരുന്ന നൂറ് കണക്കിന് പരാതികള്‍ക്കാണ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര് കേളു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പരിഹാരമായത്. ചെറുതും വലുതുമായ പരാതികളില്‍ പരിഹാരമായതോടെ ആശ്വാസത്തോടെയാണ് പരാതിക്കാര്‍ വീട്ടിലേക്ക് മടങ്ങിയത്. മന്ത്രിമാര്‍ പരാതി വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്കി.
റീസര്‍വ്വെയിലെ അപാകതകള്‍ പരിഹരിക്കണം
റീസര്‍വ്വെയിലെ പിഴവ് കാരണം കൈവശമുള്ള ഭൂമിക്ക് നികുതി അടയ്ക്കാന്‍ പറ്റുന്നില്ലെന്ന പരാതികളില്‍ അപാകത പരിഹരിച്ച് ഒരു മാസത്തിനകം നികുതി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി സര്‍വ്വേ വകുപ്പിനും റവന്യു വകുപ്പിനും നിര്‍ദേശം നല്കി.
വഴിയുണ്ടാക്കണം: വേറെ വഴിയില്ല
വീട്ടിലേക്ക് വഴിയില്ലെന്ന പരാതികളില്‍ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഒരാഴ്ചക്കകം പരിശോധന നടത്തി അനുരഞ്ജനത്തിലൂടെയോ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയോ വഴിയുണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഉടമകള്‍ സ്ഥലം രേഖാമൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ട് നല്കിയാല് പഞ്ചായത്ത് - നഗരസഭകള്‍ പൊതുറോഡുകള്‍ നിര്‍മ്മിക്കണമെന്നും മന്ത്രി ഒ.ആര് കേളു നിര്‍ദേശം നല്കി. അത് പോലെ പൊതുവിഭാഗത്തിന് വീട് റിപ്പയറിനുള്ള ഫണ്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തണം. അറ്റ കുറ്റപണികള്‍ നടത്താത്ത വീടുകള്‍ തകര്‍ന്നാല്‍ കൂടുതല്ചെലവ്വരും.
മുള കൃഷിയില്‍ പരിശോധന നടത്താന്‍ നിര്‍ദേശം
തരിയോട് പഞ്ചായത്തിലെ വാര്‍ഡ് ഒമ്പതില്‍ 15 കുടുംബങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു വ്യക്തി മഞ്ഞമുള നട്ട് പിടിപ്പിച്ചു എന്ന പരാതിയില്‍ കൃഷി വകുപ്പു പരിശോധന നടത്തി ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണം.
കെട്ടിട നിര്‍മ്മാണം അനുമതി നല്‍കുന്നതിന്റെ മുമ്പ് നിയമപരമാണെന്ന് ഉറപ്പ് വരുത്തണം
കെട്ടിടങ്ങള്‍ നിര്‍മ്മിച്ച ശേഷം നിയമ വിരുദ്ധമാണെന്നും ഉയരക്കൂടുതലുണ്ടെന്നും അനധികൃതമാണെന്നും പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുന്ന പ്രവണത വയനാട് ജില്ലയില്‍ കൂടുതലാണ്. ഇതുണ്ടാവാന്‍ പാടില്ല. കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷയോടൊപ്പം കെട്ടിട പ്ലാന്‍, സ്കെച്ച്, എസ്റ്റിമേറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും നല്‍കുന്നുണ്ട്. അനുമതി നല്‍കുന്നതിന് മുമ്പ് ഇതും സ്ഥലവും ഉത്തരവാദപ്പെട്ടവര്‍ പരിശോധിച്ച് നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അനുമതി നല്‍കാവൂ. അനുമതി നല്കി കെട്ടിടം നിര്‍മ്മിച്ച ശേഷം നിയമ വിരുദ്ധമാണെന്ന് പറയുന്നതിലൂടെ ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നത്. ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് മന്ത്രി ഒ.ആര്കേളുപറഞ്ഞു
കോക്ലിയര്‍ ഇംപ്ലാന്റേഷന് അടിയന്തിര നടപടി വേണം
കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തിയ കുട്ടികളില്‍ അപ് ഗ്രഡേഷന് നടത്തുന്നതിനും ഉപകരണങ്ങള്‍ മാറ്റുന്നതിനും അടിയന്തിര നടപടി വേണം. പഞ്ചായത്ത് സാമൂഹിക സുരക്ഷാ മിഷന് പണം നല്‍കിയിട്ടും കേട് വന്ന ഉപകരണം മാറ്റി നല്‍കിയില്ലെന്ന രക്ഷിതാവിന്റെ പരാതിയില്‍ ഉടന്‍ പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്കി. ഇത്തരം കാര്യങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് രക്ഷിതാക്കളേയും കുട്ടികളേയും നടത്തിക്കരുത്.
എസ്.സി വിഭാഗത്തിന്റെ ഭൂമി തിരിച്ച് നല്‍കണം
എസ്. സി വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കുകയും പിന്നീട് ഇവര്‍ക്ക് ഭൂമി ഉണ്ടെന്ന് കണ്ടെത്തി വില്പന റദ്ധാക്കി പണം തിരിച്ച് നല്‍കിയിട്ടും ഭൂമി തിരിച്ച് രജിസ്റ്റര്‍ നല്‍കിയില്ലെന്ന ചുണ്ടേല്‍ സ്വദേശി രവിയുടെ പരാതിയില്‍ ഭൂമി തിരിച്ച് രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ എസ്.സി ഓഫീസര്‍ക്ക് മന്ത്രിനിര്ദേശംനല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍