ഡിസിസി ട്രഷററിന്റെയും മകന്റെയും ആത്മഹത്യ: ഐ സി ബാലകൃഷ്ണനെതിരെ ആരോപണങ്ങളുയരുന്നു; അടിസ്ഥാനരഹിതമെന്ന് ഐ സി
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്കിയെന്നുള്ള ആരോപണമാണ് പുറത്തുവരുന്നത്. ഇതില്‍ മുപ്പത് ലക്ഷം നല്കിയ ഒരു അധ്യാപകനുമായി 2019 ല്‍ തയ്യാറാക്കിയ ഉടമ്പടി ഉള്‍പ്പെടെ പുറത്തു വന്നിട്ടുണ്ട്. നിയമനം ലഭിക്കാതായതോടെ ബന്ധപ്പെട്ടവര്‍ പണം തിരികെ ചോദിച്ചപ്പോള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന് കെപിസിസി അധ്യക്ഷന്‍ കത്തയച്ചിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പുറത്തുവന്നത് വ്യാജ ഉടമ്പടി രേഖയാണെന്നും അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനില്‍ക്കാത്ത വ്യക്തിയാണ് താനെന്നും ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഐ സി ബാലകൃഷ്ണന് എംഎല്‍എ പറഞ്ഞു.ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഉപജാപക സംഘമാണ്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച എസ്പിക്ക് പരാതി നല്‍കുമെന്നും ഐസി ബാലകൃഷ്ണന് എംഎല്‍എ വ്യക്തമാക്കി.
എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റിയതായും സംശയമുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷം കഴിച്ചനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എന്‍ എം വിജയനും മകന് ജിജേഷും ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
എന്‍ എം വിജയനും ഒരു അധ്യാപകനും തമ്മിലുള്ള ഉടമ്പടി രേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് . കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെയോ മറ്റ് കുടുംബാംഗങ്ങളെയോ നിയമിക്കാം എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയില്‍ നിന്ന് എന്‍ എം വിജയന് കൈപ്പറ്റിയതായാണ് ഉടമ്പടിയില്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ നിയമനം ലഭിക്കുന്നില്ലെങ്കില്‍ രണ്ടാംകക്ഷിയായ എന്‍ എം വിജയന് വഴി ഐസി ബാലകൃഷ്ണന് ഒന്നാം കക്ഷിക്ക് പണം മടക്കി നല്‍കണം. ഇതിന് ഏഴ് ശതമാനം പലിശ ഈടാക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് എംഎല്‍എയ്ക്ക് വേണ്ടി നടക്കുന്നതിനാല്‍ സാക്ഷിവേണ്ടെന്നും ഉടമ്പടിയില്‍ സൂചിപ്പിച്ചിരുന്നു.
2019 ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് ഈ ഉടമ്പടി ഉണ്ടാക്കിയതായി കാണുന്നത്. ഇതിന് ശേഷം ഒന്നാം കക്ഷിയും രണ്ടാംകക്ഷിയായ എന്‍ എം വിജയനും കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. മുപ്പത് ലക്ഷം രൂപ നല്‍കിയിട്ടും ഒന്നാം കക്ഷിയുടെ മകന് മൂന്ന് ബാങ്കുകളിലും ജോലി ലഭിച്ചിരുന്നില്ല. ഇതിന് പുറമേ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ 30 ലക്ഷം രൂപയും ഐസി ബാലകൃഷ്ണന് തിരിച്ചു നല്‍കിയില്ലെന്നും ആരോപണമുയരുന്നു. കരാറിന്റെ യഥാര്‍ത്ഥ കോപ്പി ഒന്നാം സാക്ഷി മാത്രം കൈവശംവെച്ചാല്‍ മതിയെന്ന് കരാറില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഉടമ്പടിയുടെ യഥാര്‍ത്ഥ കോപ്പി ഒന്നാം കക്ഷിയായ അധ്യാപകന്റെ കൈയിലാണുള്ളത്.
അതിനിടെ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റിയതായും സംശയമുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് വിജയനും മകന് ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന് ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന് രംഗത്ത് വന്നിട്ടുണ്ട്. പുറത്ത് വന്നത് വ്യാജരേഖയാണ്, നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഏതെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ ?
നീതിപൂര്‍വ്വമല്ലാതെ അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനില്‍ക്കാത്ത വ്യക്തിയാണ് താന്‍. 2016 ലാണ് കെപിസിസി തന്നെ വയനാട് ജില്ലയുടെ നേതൃ സ്ഥാനത്ത് പ്രസിഡന്റായി നിയോഗിച്ചത്. പിന്നീടുള്ള 5 വര്‍ഷക്കാലവും താന്‍ നീതിപൂര്‍വ്വമായാണ് പാര്‍ട്ടിയെ പിന്തുണച്ചിട്ടുള്ളത്. അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍/ കൊള്ളകള്‍ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍ അതുകൊണ്ടുതന്നെ നിരവധി ശത്രുക്കളും തനിക്കുണ്ട്. 2019 ല്‍ തന്നെ ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ KPCC പരിശോധിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
ചില യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍