പ്രിയങ്ക കരുത്തുള്ള വനിത; ജനാധിപത്യമൂല്യങ്ങളിലുള്ള വിശ്വാസം അചഞ്ചലം: മല്ലികാര്‍ജ്ജുന ഖാര്‍ഖെ
കല്‍പ്പറ്റ: പ്രിയങ്ക കരുത്തുള്ള വനിതയാണെന്നും, സത്യം, നീതി, തുല്യത എന്നിവയ്ക്കുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ നിലകൊളുന്ന പ്രിയങ്കയ്ക്ക് ജനാധിപത്യമൂല്യങ്ങളിലുള്ള വിശ്വാസം അചഞ്ചലമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഖെ. വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടന്‍ ജനതയുടെ ഹിതം മാനിച്ചാണ് പ്രിയങ്കയെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത്. റായ്ബറേലിയിലും വിജയിച്ച രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ ഘട്ടത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഉയര്‍ത്തി. ഇത് കണക്കിലെടുത്തായിരുന്നു പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. വയനാടിനുവേണ്ടി തളരാതെ പോരാടുമെന്ന വാഗ്ദാനമാണ് പ്രിയങ്ക മണ്ഡലത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നത്. അവരെ വലിയ ഭൂരിപക്ഷത്തിന് ലോക്സഭയില്‍ എത്തിക്കേണ്ടത് യു ഡി എഫിലെ ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണ്. ലോക്സഭയില്‍ വയനാടിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ മുഴക്കാന്‍ പ്രിയങ്കയ്ക്കു കഴിയും. പുതിയ പ്രതീക്ഷയും ശക്തിയും ഐക്യവുമാണ് ഇവിടെ പ്രകടമാകുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം ഇരകളെ അദ്ദേഹം അനുസ്മരിച്ചു. അസാമാന്യമാണ് വയനാട്ടുകാരുടെ ധൈര്യമെന്നും ഖാര്‍ഖെ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍