വയനാടിനെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ല: നവ്യ ഹരിദാസ്
നിലമ്പൂര്‍: വയനാടിനെ കോണ്‍ഗ്രസ്സിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാല്‍ വയനാടിന് രണ്ട് എം പി മാരുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ തന്നെ മണ്ഡലത്തില്‍ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. എം.പി ആയി ഇരുന്ന 5 വര്‍ഷക്കാലം വയനാടിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരില്‍ ബിജെപി മേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്. വയനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് എന്‍ ഡി എ നടത്തുന്നത്. ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന എം പി യെ ആണ് മണ്ഡലത്തിന് ആവശ്യം. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കേന്ദ്രം അനുവദിച്ച ആശ്വാസ സഹായം പോലും കൃത്യമായി ദുരിത ബാധിതര്‍ക്ക് നല്‍കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടന്ന യോഗം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെകട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബി.ജെ.പി. മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ ജനറല്‍ സെക്രട്ടറി ജി കാശിനാഥ് , ദേശീയ സമിതി അംഗം സി.വാസുദേവന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. നാരായണന് മാസ്റ്റര്‍ , കെ.രാമചന്ദ്രന് , ടി.പി.സുരേഷ്, മേഖലാ ജനറല്‍ സെക്രട്ടറി എം. പ്രേമന് മാസ്റ്റര്‍ , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര് രശ്മില് നാഥ് , ബി.രതീഷ് , പ്രശാന്ത് , എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍