മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: കേന്ദ്രനിലപാടിനെതിരെ എല്‍ഡിഎഫ് സത്യാഗ്രഹം നടത്തി
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും സഹായിക്കാത്ത കേന്ദ്രനിലപാടിനെതിരെ എല്‍ഡിഎഫ് സത്യാഗ്രഹം. ദുന്തബാധിതരുള്‍പ്പെടെ നൂറുകണക്കിനുപേര്‍ തിങ്കളാഴ്ച കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ സത്യഗ്രഹമിരുന്നു. മുണ്ടക്കൈ ദുരന്തത്തിനുശേഷം വെള്ളപ്പൊക്കമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചിട്ടും കേരളത്തെ തഴഞ്ഞതിനെതിരെ ദുരന്തബാധിതര്‍ പ്രതിഷേധിച്ചു.
ഒരുനാടാകെ ഒലിച്ചുപോയ ദുരന്തം പ്രധാനമന്ത്രി നേരില്‍ കണ്ടിട്ടും സഹായം നല്‍കാത്ത ക്രൂരമായ അവഗണനക്കെതിരെ പ്രതിഷേധം ജ്വലിച്ചു.രാജ്യം വിറങ്ങലിച്ച ദുരന്തത്തിലും കേന്ദ്രത്തിന്റെ പക്ഷപാതിത്വം തുറന്നുകാണിച്ചു. ദുരന്തത്തിന്റെ പതിനൊന്നാം ദിവസം മുഖ്യമന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഉരുള്‍പൊട്ടലിന്റെ വ്യാപ്തി നേരില്‍ മനസ്സിലാക്കിയിട്ടും സഹായിക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി എത്തിയപ്പോള്‍തന്നെ സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍ നിവേദനം നല്‍കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്രസംഘവും ദുരന്തമേഖല സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. സ്ഥിരം പുനരധിവാസത്തിനുള്‍പ്പെടെ 1202 കോടിയുടെ സഹായത്തിനുള്ള നിവേദനം ആഗസ്ത് 17ന് സംസ്ഥാനം സമര്‍പ്പിച്ചിട്ടും സഹായം അനുവദിച്ചിട്ടില്ല.
ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്ന് ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. കേന്ദ്രസഹായം കിട്ടാതിരുന്നിട്ടും ദുരന്തബാധിതര്‍ക്ക് സംസ്ഥാനം നല്‍കിയത് 11.89 കോടി രൂപയാണ്. ആയിരത്തോളം കുടുംബങ്ങളെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു. സ്ഥിരം പുനരധിവാസത്തിന് കല്‍പ്പറ്റയിലും മേപ്പാടി പഞ്ചായത്തിലെ നെടുമ്പാലയിലും ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ച് സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങി.
കേന്ദ്രസഹായം മുടക്കാനായി മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരണവും അതേറ്റുപിടിച്ച് യുഡിഎഫും ബിജെപിയും നടത്തിയ സമരങ്ങളുടെ കാപട്യവും സത്യഗ്രഹത്തില്‍ തുറന്നുകാണിച്ചു.
വി.ശിവദാസന്‍ എംപി സമരം ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, കെ ജെ ദേവസ്യ, കെ കെ ഹംസ, ഷാജി ചെറിയാന്‍, സണ്ണി മാത്യു, കുര്യാക്കോസ് മുള്ളന്‍മാട, കെ എം ബഷീര്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ സ്വാഗതവും കല്‍പ്പറ്റ മണ്ഡലം കണ്‍വീനര്‍ കെ റഫീഖ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍