തലപ്പുഴ മരംമുറി: വനം വകുപ്പ് ജീവനക്കാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു
തലപ്പുഴ: ബേഗൂര്‍ റെയിഞ്ചിലെ തവിഞ്ഞാല്‍ 43ല്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മാണത്തിന്റെ ഭാഗമായി മരം മുറിച്ചതുമായി ബന്ധപ്പെട്ട് വീഴ്പറ്റിയതായി ആരോപിച്ച് സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ജീവനക്കാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 7 ന് സസ്പെന്റ് ചെയ്ത തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി ശ്രീധരന്‍,സി ജെ റോബര്‍ട്ട് എന്നിവരെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. നിയമ പ്രകാരമുള്ള അനുമതി വാങ്ങാതെയാണ് മരം മുറിച്ചതെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. ഡി എഫ് ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് രണ്ട് പേര്‍ക്കെതിരെയും
നടപടിയെടുത്തത്. എന്നാല്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അനാവശ്യമായാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്നാരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. സസ്‌പെന്‍ഷനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍ പ്രത്യക്ഷ സമരരംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപ കെ എസ് ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് തൊട്ടടുത്ത് തിരുനെല്ലിയിലും തോല്‍പ്പെട്ടിയിലും ജോലിയില്‍ പ്രവേശിക്കാനുത്തരവിട്ടത്. വനം വകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള കിടമത്സരങ്ങളാണ് ഈയിടെയായി വനം വകുപ്പില്‍ നടന്നു വരുന്ന കൃത്യവിലോപങ്ങള്‍ പുറത്ത് വരാനിടയാക്കുന്നതെന്നാണ് സൂചന.
സ്ഥിരം കാട്ടാനശല്യമുണ്ടാവുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യാത്ത പ്രദേശത്ത് ആണ് ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മാണത്തിനായി യാതൊരു അനുമതിയും കൂടാതെ ചെറുതും വലുതുമായ
വിവിധമരങ്ങള്‍ മുറിച്ചു മാറ്റിയതായി പരാതി ഉയര്‍ന്നത്.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും, വിവാദമായപ്പോള്‍ നടപടി പിന്‍വലിക്കാനും അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംഭവത്തില്‍ ഉത്തരവാദികളായവരും കൂട്ടുപ്രതികളാവേണ്ടവരുമായ ബേഗൂര്‍ റെയിഞ്ച് ഓഫീസറും നോര്‍ത് വയനാട് ഡി എഫ് ഒ യുമാണെന്നതാണ് ഏറെ വിചിത്രം.
എട്ടര ലക്ഷം രൂപ ചെലവില്‍ ബേഗൂര്‍ റെയിഞ്ചിലെ തവിഞ്ഞാല്‍ 43ല്‍ നിന്നു തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഭാഗത്തുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി പ്രതിരോധം തീര്‍ത്തത്.
സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്ന ഈ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് നടക്കുന്നത് പോലെ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചതായോ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തിയതായോ സമീപകാലത്ത് യാതൊരു പരാതിയും വനം വകുപ്പിന് ലഭിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
കേസിന്റെ നൂലാമാലകളില്‍ കുടുങ്ങി ഫെന്‍സിംഗ് നിര്‍മ്മാണം നിര്‍ത്തിവെക്കരുതെന്നും പൊതുജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍