മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട; ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടി
ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാര്‍സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട്, കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ് (44) നെ അറസ്റ്റ് ചെയ്തു. ഡി.ഐ.ജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പോലീസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പോലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് എം.ഡി.എം.എ പിടികൂടിയത്.മുത്തങ്ങ തകരപ്പാടിയിലെ ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എ പിടികൂടിയത്. ജില്ല പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന പാര്‍സല്‍ലോറിയില്‍ നിന്നാണ് 1.198 ഗ്രാം രാസലഹരിയായ എം.ഡി.എം.എ കണ്ടെടുത്തത്. ലോറിയിലെ ക്യാബിനില്‍ സൗണ്ട് ബോക്‌സില്‍ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പിടിയിലായ ലോറി ഡ്രൈവര്‍ ഷംനാദ് എം.ഡി.എം.എ ഇവിടേക്ക് എത്തിക്കുന്ന ഇടനിലക്കാരനാണെന്നാണ് നിഗമനം.
മുത്തങ്ങയില്‍ പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണെന്ന് പൊലിസ് പറഞ്ഞു. എസ്.ഐമാരായ സാബുചന്ദ്രന്‍, ഹരീഷ്, സീനിയര്‍ സി.പി.ഒ മാരായ എന്‍.വി ഗോപാലകൃഷ്ണന്‍, കെ.എസ്. അരുണ്‍ജിത്ത്, ലബ്‌നാസ്, സി.പി.ഒമാരായ പി.എസ് നിയാദ്, കെ.കെ. അനില്‍, ഡോണിത് സജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍