മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
മാനന്തവാടി: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാനന്തവാടി പിലാക്കാവ് വടക്കേടത്തില്‍ വീട്ടില്‍ ബിജു(54) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഇന്നലെ രാത്രിതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളുടെ സുഹൃത്ത് കോഴിക്കോട് വളയം സ്വദേശി രജീഷി(കുട്ടായി38)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെ മാനന്തവാടി പിലാക്കാവ് അടിവാരത്തായിരുന്നു സംഭവം. മദ്യപിച്ചശേഷം പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലുമെത്തിയത്. തലയുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജീഷിനു സാരമായി പരിക്കേറ്റിട്ടുണ്ട്. പന്തല്‍ പണിക്കാരനാണ് രജീഷ്. സംഭവ ശേഷം ബിജുതന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ഥം കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. റഫീഖാണ് ബിജുവിനെ അറസ്റ്റു ചെയ്തത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
മാനന്തവാടി എസ്‌ഐ എം.സി. പവനന്‍, എഎസ്‌ഐമാരായ കെ.ജെ. ഷമ്മി, റോയ്‌സണ്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.കെ. വിപിന്‍, എ.ആര്‍. സുരാജ് എന്നിവരും കേസന്വഷണത്തില്‍ പങ്കെടുത്തു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ബിജുവിനെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
