താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, വയനാട് ജില്ലാ പോലീസ് മേധാവിമാരും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. റോഡിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിക്കണമെന്നും അടര്‍ന്നു വീഴാറായ പാറകഷണങ്ങള്‍ യഥാസമയം നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു. ചുരത്തില്‍ സൗ |കര്യപ്രദമായ സ്ഥലങ്ങളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 2023 ഒക്ടോബര്‍ 22 ന് താമരശേരി ചുരം എട്ടാം വളവില്‍ മള്‍ട്ടി ആക്‌സില്‍ ചരക്കുലോറി കേടായി ചുരം വഴിയുള്ള ഗതാഗതം 5 മണിക്കൂര്‍ തടസപ്പെട്ട സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ചുരത്തില്‍ നാലുവരി പാത അനിവാര്യമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 3, 5 വളവുകള്‍ വികസിപ്പിച്ചിട്ടുണ്ട്. 6,7,8 വളവുകള്‍ വികസിപ്പിക്കാന്‍ ഫണ്ട് ആവശ്യമാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണം. . 6,7,8 മുടിപ്പിന്‍ വളവുകള്‍ കേന്ദ്ര ഉപരിതല മന്ത്രാലയത്തന്റെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കണം. പോലീസ്, ഗതാഗത വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തണം. ചരക്ക് വാഹനങ്ങള്‍ കേടാവുന്നതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. 6,7,8 ഹെയര്‍പിന്നുകള്‍ വീതികൂട്ടി പുനര്‍ നിര്‍മ്മിച്ചാല്‍ ഗതാഗത തടസം പരിഹരിക്കാന്‍ കഴിയും. 8,9 വളവുകള്‍ക്കിടയിലുള്ള വീതി കുറഞ്ഞ സ്ഥലം വീതി കൂട്ടേണ്ടതുണ്ട്.
ചുരത്തില്‍ ഗതാഗതകുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ ചുരത്തിലേക്ക് കടത്തിവിടരുതെന്ന് വൈത്തിരി പോലീസ് എസ്.എച്ച്.ഒ ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ചുരം റോഡ് തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും വാഹനങ്ങളുടെ പരമാവധി വേഗം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം. ചുരം റോഡില്‍ ബൈക്ക് പെട്രോളിംഗ് ഏര്‍പ്പെടുത്തും. ചുരം റോഡില്‍ ചരക്ക് വാഹനങ്ങള്‍ രാത്രി മാത്രം കടത്തി വിട്ടാല്‍ ഗതാഗതകുരുക്ക് ഒഴിവാക്കാനാവും. ചുരം റോഡിലെ കച്ചവടം നിരോധിക്കണം. ഓരോ വളവിലും ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കണം. എ. ഐ ക്യാമറകള്‍ സ്ഥാപിച്ച് നിയമ ലംഘനം കണ്ടെത്തി നടപടിയെടുക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍