മുഖ്യമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ അപക്വവും അബദ്ധജഡിലവും: ഡി.രാജ; രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

കല്‍പ്പറ്റ: പൊതുവേദികളില്‍ അപക്വവും അബദ്ധജഡിലവുമായ പ്രസ്താവനകള്‍ നടത്തുന്നതു അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെയും സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് ഉപദേശിക്കണമെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ. സിപിഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പൊതുവേദികളിലൊന്നില്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. പിണറായി വിജയനുമായി ബന്ധപ്പെടുത്തി ഇങ്ങനെ ചോദ്യം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും ഇഡി അറസ്റ്റുചെയ്തില്‍ രാജ്യവ്യാപകമായാണ് പ്രതിഷേധം അലയിടിച്ചത്. ഇതിനിടെയാണ് കേരള മുഖ്യമന്ത്രിയെ ഇഡി അറസ്റ്റുചെയ്യാത്തത് എന്തേ എന്ന ചോദ്യം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്ത് എവിടെ പറയണമെന്നതില്‍ രാഹുല്‍ ഗാന്ധിക്കു വ്യക്തയില്ല. കെ.സി. വേണുഗോപാലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവരെ ഉപദേശിക്കാനുള്ള ശേഷി മുതിര്‍ന്ന നേതാവും പാര്‍ട്ടി അധ്യക്ഷനും എന്ന നിലയില്‍ ഖര്‍ഗെയ്ക്കു ഉണ്ടെന്നാണ് കരുതുന്നത്.
രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. 2019ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് രാഹുല്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ചത്. ഇക്കുറി അങ്ങനെയല്ല. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇന്ത്യാ മുന്നണി എവിടെയും അവതരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തിനും മതേരത്വത്തിനും ഭീഷണിയായ ബിജെപിയെ അധികാരത്തില്‍നിന്നു ഇറക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ് ഇന്ത്യാ മുന്നണി. കേരള മുഖ്യമന്ത്രിയെ ഇഡി അറസ്റ്റുചെയ്യാത്തിനു കാരണം ആരായുന്ന രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ എങ്ങനെ കൈകോര്‍ക്കുമെന്ന ചോദ്യത്തിനു വിശാല വീക്ഷണത്തോടെ രൂപീകരിച്ചതാണ് ഇന്ത്യാ മുന്നണിയെന്നു ഡി. രാജ പ്രതികരിച്ചു.
ഇന്ത്യാ മുന്നണിയുടെ ഭാഗമായിരിക്കേ രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റില്‍ സിപിഐ എന്തിനു സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന യുഡിഎഫ് നേതാക്കളുടെ ചോദ്യം ബാലിശമാണെന്നു അദ്ദേഹം പറഞ്ഞു. സിപിഐ ആദ്യമായല്ല വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത്. മണ്ഡലം രൂപീകൃതമായതുമുതല്‍ മത്സര രംഗത്ത് സിപിഐയുണ്ട്. സിപിഐ ജനവിധി തേടുന്ന മണ്ഡലത്തില്‍ എന്തിനു മത്സരിക്കുന്നുവെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആലോചിക്കണമെന്നായിരുന്നു. കേരളത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയാണ് ആനി രാജ. മലയാളി എന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍ അനൗചിത്യം കാണുന്നില്ല. വയനാട് സ്വന്തം കുടുംബമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം രാജ്യം മുഴുവന്‍ കുടുംബമാണ്. രാജ്യത്തെ ഒന്നടങ്കം കുടുംബമായി കാണാന്‍ രാഹുല്‍ ഗാന്ധിക്കു കഴിവില്ലേയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യം അദ്ദേഹത്തോടു ചോദിക്കണമെന്ന് രാജ പറഞ്ഞു.
കേന്ദ്രത്തില്‍ കൈകോര്‍ക്കുന്ന പാര്‍ട്ടികള്‍ കേരളത്തില്‍ പോരടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേരളത്തില്‍ മത്സരം ഇന്ത്യാ മുന്നണിയും എന്‍ഡിഎയുമായല്ലെന്നു ഡി. രാജ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടെ മത്സരം. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയുടെ സംരക്ഷണത്തിനും വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടത്തിനും എല്‍ഡിഎഫ് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം. കേരളത്തില്‍ മത്സരിക്കുന്ന യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ പലരും സമ്പന്നരാണ്. സാധാരണക്കാരില്‍നിന്നുള്ളവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. ധനികരുടെ ക്ലബായി പാര്‍ലമെന്റ് മാറരുത്. ഇക്കാര്യത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്.
കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാകും. പരാജയഭീതിയിലാണ് മോദിയും കൂട്ടരും. ഉത്തരേന്ത്യ കൈവിട്ടുപോകുമെന്നു കരുതുന്നതിലാണ് എന്‍ഡിഎ നേതൃത്വം തെന്നിന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. പക്ഷേ, ഇത് ഫലം ചെയ്യില്ല. 10 വര്‍ഷത്തെ എന്‍ഡിഎ ഭരണം തിക്താനുഭവങ്ങളാണ് ജനതയ്ക്ക് സമ്മാനിച്ചത്. നേരത്തേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഭരണാധികാരികളാണ് പുതിയ ഗ്യാരന്റിയുമായി ജനങ്ങളെ സമീപിക്കുന്നത്. ദേശത്തെ രക്ഷിക്കാന്‍ അധികാരത്തില്‍നിന്നു ബിജെപിയെ ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാം. ജനാഭിലാഷത്തിനു ഒത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തുമെന്നും ഡി. രാജ പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ടി.വി. ബാലന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍