സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ: മെന്‍സ് ഹോസ്റ്റലില്‍ 'അലിഖിത നിയമം' എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സിദ്ധാര്‍ത്ഥനേറ്റത് ക്രൂര മര്‍ദനം
പൂക്കോട്: പൂക്കോട് വെറ്റിനറിമെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് എറണാകുളത്ത് നിന്നും സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടു പോയാല്‍ പോലീസ് കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തിവിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ബെല്‍റ്റ്,കേബിള്‍ എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയും, കാല്‍ കൊണ്ട് തൊഴിക്കുകയും ചെയ്തു. മര്‍ദന സമയത്ത് അടിവസ്ത്രം മാത്രമാണ് ധരിപ്പിച്ചത്. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നതായും പോലീസ് കോടതിയില്‍ നല്‍കിയ റിമാണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം പറയുന്നു.പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കില്‍ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലെത്തി. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ തടവില്‍ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്.
ക്യാംപസിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലില്‍ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയില്‍ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികള്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികള്‍ കാര്യങ്ങള്‍ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍