ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് പ്രിയദര്‍ശിനി ബസ്സ് സര്‍വ്വീസ് പൂര്‍ണ്ണ തകര്‍ച്ചയിലേക്ക്; ജീവിതം വഴിമുട്ടി തൊഴിലാളികള്‍

സംസ്ഥാനത്തെ അവസാനത്തെ പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘവും തകര്‍ച്ചയിലേക്ക്; ആകെയുള്ള എട്ടില്‍ ആറ് ബസുകള്‍ ഓട്ടം നിര്‍ത്തി; ഒരു രൂപപോലും വരുമാനമില്ലാതെ കടക്കെണിയിലേക്ക് 45 ഓളം ആദിവാസി തൊഴിലാളികള്‍; ഓണം പ്രമാണിച്ചെങ്കിലും തങ്ങളുടെ കുടുംബങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കണമെന്ന് ജീവനക്കാര്‍.
ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പ് വരുത്തുന്നതിനും, ആദിവാസി യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി നിര്‍ണ്ണായക പങ്കുവഹിച്ച സഹകരണ സംഘമായിരുന്നു 1986ല്‍ രൂപീകരിച്ച പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണസംഘം. ഏറനല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘമിപ്പോള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും, അവഗണനയും മൂലം കേരളത്തിലെ ഏക ആദിവാസി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ആറ് ബസുകള്‍ ഓട്ടം നിര്‍ത്തി. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട് സഹകരണ സംഘത്തിന്റെ ദീര്‍ഘദുര സര്‍വ്വീസുകള്‍ അടക്കമുള്ള ആറ് ബസ്സുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്. തിരുവനന്തപുരത്തേക്ക് ലാഭകരമായി സര്‍വ്വീസുകള്‍ നടത്തിവന്നിരുന്ന രണ്ട് ലക്ഷ്വറി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയിട്ട് ആറ് മാസമായി. ഇതിന് പിന്നാലെ വയനാട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന മൂന്ന് ബസുകള്‍ ഒരാഴ്ച മുമ്പും നിര്‍ത്തിയിട്ടിരിക്കുകയാണ്. നിലവില്‍ കോഴിക്കോട്, പുല്‍പ്പള്ളി സര്‍വ്വീസ് നടത്തുന്ന രണ്ട് ബസ്സുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ജില്ലാകലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മാനേജിംഗ് ഡയറക്ടറുമായ ഭരണ സമിതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ മുഴുവന്‍ അംഗ ങ്ങളും ആദിവാസികളാണ്. ഓഫീസ് സ്റ്റാഫ് ഉള്‍പ്പെടെ 45 തൊഴിലാളികള്‍ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടയെല്ലാം വരുമാനം പൂര്‍ണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണ് നിലവില്‍. ഡ്രൈവര്‍മാര്‍ക്ക് ദിവസേനെ 200 രൂപ, കണ്ട്കടര്‍ക്ക് 190, ക്ലീനര്‍ക്ക് 150 എന്നിങ്ങനെയാണ് ബസ് ജീവനക്കാര്‍ക്ക് കൂലി നിര്‍ണ്ണയിച്ചിരുന്നത്. കൂടാതെ കളക്ഷനനുസരിച്ച് ബത്തയും നല്‍കുമായിരുന്നു. എന്നാല്‍ വളരെ തുച്ഛമായ ഈ വരുമാനം കൊണ്ടാണ് തങ്ങളുടെ കുടുംബം അല്ലലില്ലാതെ മുന്നോട്ട് പോയിരുന്നതെന്നും അതുപോലും നിലച്ചതിനാല്‍ ഇനിയെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
തിരുവനന്തപുരം ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍തന്നെ സംഘത്തിന് മികച്ച കളക്ഷന്‍ ലഭ്യമായിതുടങ്ങുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാരണം പ്രിയദര്‍ശിനിയുടെ തിരുവനന്തപുരം സര്‍വ്വീസുകള്‍ നിലച്ചതോടെ മാനന്തവാടി കേന്ദ്രീകരിച്ച് നിരവധി സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ തിരുവനന്തപുരത്തേക്ക് ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നതും തിരുവനന്തപുരത്തേക്കാണെന്നതും ഓര്‍ക്കേണ്ടതാണ്.
തിരുവനന്തപുരം സര്‍വ്വീസിനായി 70 ലക്ഷം മുടക്കി നിരത്തിലിറക്കിയ രണ്ട് ലക്ഷ്വറി ബസ്സുകള്‍ക്കും ഇനി എഴുപതിനായിരം രൂപയുടെ ടാക്്സ് അടച്ചാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നും അതിനുപോലും അധികൃതര്‍ മെനക്കെടുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ആയിരങ്ങളുടെ ദിവസവരുമാനമുണ്ടായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസ്സും ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിയിരിക്കുകയാണ്. അതിന്റെ ടാക്സ് മാത്രമടച്ചാല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂവെന്നും അതും അധികൃതര്‍ പരിഗണിച്ചില്ലെന്നും ജീവനക്കാര്‍ പറയുന്നു.
സബ്കളക്ടര്‍ ശീറാം സാംബശിവ് റാവുവിന്റെ സേവനനാളുകളില്‍ ആദ്യഘട്ടത്തില്‍ പ്രിയദര്‍ശിനി കുതിച്ചുകയറിയതായിരുന്നു. അന്നത്തെ സെക്രട്ടറി രാഹുലനും മികച്ചരീതിയില്‍ സംഘത്തെ നയിച്ചിരുന്നു. എന്നാല്‍ രാഹുലന്‍ രാജിവെക്കുകയും സബ്ബ് കളക്ടറും ജീവനക്കാരും തമ്മില്‍ അകല്‍ച്ച വരുകയും ചെയ്തതോടെ എല്ലാം താറുമാറായി. ജീവനക്കാര്‍ ദിവസകളക്ഷനില്‍ അട്ടിമറി നടത്തുന്നുണ്ടെന്ന സംശയമായിരുന്നു സബ്ബ് കള്കടറിന്. അതിന്റെ ഭാഗമായി അരലക്ഷത്തിനുമുകളില്‍ ചിലവഴിച്ച് ബസ്സില്‍ ക്യാമറസ്ഥാപിച്ചിരുന്നതായും സ്ഥാപിച്ച അന്ന്മാത്രം പ്രവര്‍ത്തിച്ച ക്യാമറ പിന്നീട് കണ്ണുതുറന്നിട്ടില്ലെന്നും ആ പണവും വെറുതേ കളഞ്ഞതായും ജീവനക്കാര്‍ കുറ്റപ്പെടുത്തി.
നിലവില്‍ സബ്ബ് കളക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനാല്‍ പ്രിയദര്‍ശിനിക്ക് നാഥനില്ലാതായിരിക്കുകയാണെന്നും കള്കടറുടെ അടുത്തേക്ക് തങ്ങളുടെ പ്രശ്നങ്ങളെത്തിക്കാന്‍ സബ്ബ് കളക്ടറുടെ താല്‍ക്കാലിക ചുമതല വഹിക്കുന്നവര്‍ മെനക്കെടുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗങ്ങള്‍ മാനന്തവാടിയില്‍ നടത്തിയ സിറ്റിംഗില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ ചോദിച്ച് മനസ്സിലാക്കിയിരുന്നതായും എന്നാല്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ താഴേതലത്തിലെത്തുമ്പോള്‍ നടപ്പിലാകുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ഓണമടുത്തതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ട്രൈബല്‍വകുപ്പ് അരി നല്‍കുന്നതുകൊണ്ടാണ് പട്ടിണിയില്ലാതെ മുന്നോട്ടുപോകുന്നതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട ഭരണ-ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉടന്‍ കണ്ണ് തുറന്നില്ലെങ്കില്‍ ഏറെ ആദിവാസികുടുംബങ്ങള്‍ക്ക് ആശ്രയമായ പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണസംഘം ഒരു ഓര്‍മ്മയായി മാറുമെന്ന് ഉറപ്പാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍