അമ്പലവയല്‍ കാര്‍ഷിക കേന്ദ്രത്തിനെ അന്താരാഷ്ട്ര ഫലവര്‍ഗ്ഗ ഗവേഷണകേന്ദ്രമാക്കും:മന്ത്രി സുനില്‍കുമാര്‍

വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനെ അന്തരാഷ്ട്ര നിലവാരമുള്ള ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ചക്കമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കാര്‍ഷിക കേന്ദ്രത്തെ അന്താരാഷ്ട്ര ഗവേഷണശാലയാക്കി മാറ്റുക.
ചക്കയുടെ സാധ്യതകളെക്കുറിച്ച് ഇനിയും കേരളം ശരിയായി മനസ്സിലാക്കിയിട്ടില്ല. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ പതിനഞ്ചായിരം കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാന്‍ കഴിയും. മുപ്പത് കോടിയോളം ചക്ക ഇവിടെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. തോട്ടങ്ങളോ ഫാമുകളോ ചക്കയുത്പാദനത്തിനായിട്ടില്ല. എന്നിട്ടുപോലും ഇത്രയധികം ഉത്പാദമുള്ള ഫലവര്‍ഗ്ഗമെന്ന നിലയില്‍ ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്. പൂര്‍ണ്ണമായും ആരോഗ്യദായകമായ ജൈവ ഉത്പന്നം എന്ന നിലയില്‍ ചക്കയ്ക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്. ജീവിശൈലിരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായും ചക്ക ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലുള്ള ചക്കയുടെ പത്ത് ശതമാനം പോലും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതിനായി തൃശ്ശൂരിലെ മാളയില്‍ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കും. ചക്ക കൂടുതലായി വിളയുന്ന വയനാട്ടിലും ഇതുപോലുള്ള സംരംഭകള്‍ ഇനിയും വേണം. ഇതിനായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി തെരഞ്ഞെടുത്ത് കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനായി പത്ത് കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ജില്ലയിലെത്തിക്കും. ഇതിന് പ്രത്യേക വില നല്‍കി സര്‍ക്കാര്‍ തന്നെ സംഭരിച്ച് വിപണനം നടത്തും. പൈതൃക നെല്‍വിത്തുകള്‍ ജീന്‍ ബാങ്കുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല. ഇതെല്ലാം പാടത്ത് വിളയണം. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിയിടത്തിലും ഇവ പ്രത്യേകം കൃഷി ചെയ്യണം. അന്യം നിന്നുപോകുന്ന നെല്‍വിത്തുകള്‍ വീണ്ടെടുക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, നഗരചെയര്‍മാന്‍മാരായ സി.കെ. സഹദേവന്‍, വി.ആര്‍.പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ലതാശശി, സി.എസ്.ദിലീപ്കുമാര്‍, ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, കാര്‍ഷിക വകുപ്പ് സെക്രട്ടറി ടീക്കാറാം മീണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി.രാജേന്ദ്രന്‍, ഡയറക്ടര്‍ വി.സുനില്‍കുമാര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.കറപ്പന്‍, ഡോ.പി.ഇന്ദിരാദേവി, ഡോ,ജിജു, ഡോ.അനില്‍കുമാര്‍, കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍