വയനാടന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകരുത്..!

വയനാടിന്റെ ആരോഗ്യ മേഖലയില്‍ പ്രതീക്ഷയോടെ ഉയര്‍ത്തി കാണിക്കപ്പെട്ട രണ്ട് സംരഭങ്ങള്‍ സാങ്കേതികവും പ്രായോഗികവുമായ കുരുക്കില്‍ പെട്ട് അനിശ്ചിതമായി നീളുകയാണ്. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പ്രാവര്‍ത്തികമാകുമെന്ന് ബഹുമാനപ്പെട്ട എം പി നാഴിയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിച്ചിരുന്ന ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉപകേന്ദ്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. അരോഗ്യ വകുപ്പ് ഗ്ലെന്‍ ലെവല്‍ എസ്റ്റേറ്റിന്റെ സ്ഥലം ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും ദുരൂഹമായ മൗനമാണ് വയനാട് പാര്‍ലമെന്റ് അംഗം സൂക്ഷിക്കുന്നത്. വയനാട്ടിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും തന്ത്രപരമായ മൗനമാണ് ഈ വിഷയത്തില്‍ ഇപ്പോഴും പിന്തുടരുന്നത്.
പ്രായോഗികതയോ സാങ്കേതികതയോ പരിഗണിക്കാതെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മെഡിക്കല്‍ കോളേജിനായി നിര്‍ദ്ദിഷ്ട സ്ഥലം അനുവദിക്കപ്പെട്ടത് രാഷ്ട്രീയ-കച്ചവട താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന ആക്ഷേപം ശക്തമായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ അത് തുറന്ന് പറയാനോ തിരുത്താനോ യുക്തിപരമായൊരു ബദല്‍ തീരുമാനം എടുക്കാനോ വേണ്ടപ്പെട്ടവര്‍ ആര്‍ജ്ജവം കാണിച്ചതുമില്ല. ദുര്‍ഘടമായ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് സൈറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി മാത്രം വരുന്നത് കോടികളാണ്. അത്രയും കോടി ഉണ്ടായിരുന്നെങ്കില്‍ അടിസ്ഥാന സൗകര്യമുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നില്ലെ എന്ന യുക്തിപരമായ ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള റോഡ് പോലുള്ള അടിസ്ഥാന സൗകര്യത്തിനായി ചിലവഴിക്കുന്നതിന് സമാനമായ തുകയ്ക്ക് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വയനാട്ടിലെ സാധാരണക്കാരന്റെ ആരോഗ്യ പരിരക്ഷയെന്ന താല്‍പ്പര്യമാണോ വയനാട് മെഡിക്കല്‍ കോളേജ് എന്നതിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു വച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുതിയ സര്‍ക്കാര്‍ ഈ വീഴ്ച തിരുത്താന്‍ തയ്യാറാകാത്തതും ദുരൂഹമാണ്.
മെഡിക്കല്‍ കോളേജുകള്‍ ആത്യന്തികമായി മെഡിക്കല്‍ പഠനത്തിനുള്ള കേന്ദ്രങ്ങളാണെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്ന സമീപനമാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. കേവലം ചികിത്സാ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ മെഡിക്കല്‍ കോളേജുകളെ സമീപിച്ചതിനാലാണ് യാതൊരു തത്വദീക്ഷയുമില്ലാതെ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയാറായതെന്ന് വേണം വിലയിരുത്താന്‍.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഇടുക്കി മെഡിക്കല്‍ കോളേജിലെ ആകെയുള്ള രണ്ടുബാച്ചുകളെ തിരുവനന്തപുരം ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളേജുകളിലേയ്ക്ക് മാറ്റാനുള്ള തീരുമാനത്തെ വിലയിരുത്താന്‍. ക്ലാസ് മുറികളുടെ പരിമിതിയും അധ്യാപകരുടെ കുറവുമാണ് ബാച്ചുകള്‍ മാറ്റാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. ഇടുക്കി, വയനാട് പോലുള്ള മലയോര കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്ന പരാതി സര്‍ക്കാര്‍ തന്നെ കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ അധ്യാപകരുടെ അഭാവം നിമിത്തം ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബാച്ചുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നതിനെ ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്.
ഭാവിയില്‍ വയനാട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് ഇത് തന്നെയായിരിക്കും. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോലും മുഴുവന്‍ പോസ്റ്റിലും സേവനത്തിന് ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യം നിലവിലുണ്ട്. അങ്ങനെയിരിക്കെ മെഡിക്കല്‍ കോളേജ് തുടങ്ങിയാലും ആവശ്യമുള്ള ഡോക്ടര്‍മാരെ കണ്ടെത്തുന്നത് അടക്കം ഒരുപാട് പ്രായോഗിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശോചനീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടാനായി ജില്ലാ ആശുപത്രിക്ക് പുറമെ ഒരു മെഡിക്കല്‍ കോളേജു കൂടി വയനാടിന് വേണ്ടതുണ്ടോയെന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അതിനായി 760 കോടിയോളം മുടക്കേണ്ടതുണ്ടോയെന്നും.
കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ചൂണ്ടയില്‍ കുരുങ്ങി മെഡിക്കല്‍ കോളേജിന് വേണ്ടി വാദിക്കുന്നത് എത്രമാത്രം യുക്തിപരമാണെന്ന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. നിലവില്‍ മെഡിക്കല്‍ കോളേജിനായി ചിലവഴിക്കുന്ന കോടിക്കണക്കിന് പണം ഉണ്ടെങ്കില്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാവുന്നതാണ്. ഇതില്‍ ചെറിയൊരു പങ്ക് തുക ചിലവഴിച്ചാല്‍ താലൂക്ക് ആശുപത്രികളെയും പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളെയും സൗകര്യപ്രദമായ റഫറല്‍ യൂണിറ്റുകളായി മാറ്റാനും സാധിക്കും.
നിലവില്‍ വയനാട്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് അടിയന്തിര സ്വഭാവത്തോടെ റഫര്‍ ചെയ്യേണ്ടി വരുന്ന കാര്‍ഡിയാക്, ന്യൂറോളജി, ഗൈനക്കോളജി, നെഫ്രോജി, ട്രോമ കെയര്‍ തുടങ്ങിയ വിഭാഗങ്ങളെ ആധുനീക സൗകര്യങ്ങളോടെസജ്ജീകരിക്കുകയും അതോടൊപ്പം എല്ലാ വിഭാഗങ്ങളിലും എല്ലാവിധ സൗകര്യങ്ങളുമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള റഫറന്‍സ് ഒഴിവാക്കാന്‍ സാധിക്കും. നിലവില്‍ മെഡിക്കല്‍ കോളേജിനായി പ്രഖ്യാപിച്ച 760 കോടിയുടെ മൂന്നിലൊന്ന് തുക മാറ്റി വച്ചാല്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കിമാറ്റാന്‍ സാധിക്കും. മാത്രമല്ല വിദൂര ഭാവിയില്‍ മാത്രം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന മെഡിക്കല്‍ കോളേജിനെക്കാള്‍ വയനാട്ടുകാര്‍ക്ക് ഉപകാരപ്രദം സമയബന്ധിതമായി പൂര്‍ത്തീകരിക്കാള്‍ കഴിയുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിയായിരിക്കും.
മെഡിക്കല്‍ കോളേജ് ഒരു വൈകാരികതയായി കാണാതെ പ്രായോഗികമായ നിലപാട് സ്വീകരിക്കാനുള്ള നട്ടെല്ല് കാണിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കേണ്ടത്. മെഡിക്കല്‍ കോളേജുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ബന്ധപ്പെട്ടവര്‍ സര്‍ക്കാറിനെധരിപ്പിക്കാന്‍ തയ്യാറാകണം. മാധ്യമങ്ങള്‍ക്കും ഈയൊരു വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയേണ്ടതുണ്ട്. പ്രാദേശിക വൈകാരികളില്‍ കുടുങ്ങാതെ ക്രിയാത്മകമായൊരു ചര്‍ച്ച ഈ വിഷയത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
ലേഖനം:ദിപിന്‍ മാനന്തവാടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍