സംസ്ഥാനത്ത് സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

കേണിച്ചിറ: സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ ശരിയായ കണക്ക് ലഭ്യമാക്കാന്‍ സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നിലവിലെ കണക്കുകള്‍ പ്രകാരം 10.79 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് ഒരുദിവസം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മില്‍മയില്‍ ലഭിക്കുന്ന പാലിന്റെ കണക്ക് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വിവരമാണിത്. കര്‍ഷകര്‍ ഫാമുകളില്‍ നിന്നും വീടുകളില്‍ നിന്നും വില്‍ക്കുന്ന പാലിന്റെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വില്‍ക്കുന്ന പാലിന്റെയും കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര സര്‍വ്വെ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.പാലുത്പാദനത്തില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്നും ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവുമധികം പാലുത്പാദനം നടക്കുന്ന രണ്ടാമത്തെ ജില്ല വയനാടാണ്. പാലക്കാട് ജില്ലയില്‍ 2.75 ലക്ഷം ലിറ്റര്‍ പാലും വയനാട്ടില്‍ രണ്ടര ലക്ഷം ലിറ്റര്‍ പാലും പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളാലും ചത്തുപോകുന്ന കന്നുകാലികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കാടിറങ്ങിവരുന്ന വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനായി തൊഴുത്തുകള്‍ക്ക് ഗ്രില്ലിടുന്ന പദ്ധതി ജില്ലയില്‍ നടപ്പാക്കി. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായവും ലഭിച്ചു.
പാലിന് രാജ്യത്ത് ഏറ്റവുമധികം വില ലഭിക്കുന്നത് കേരളത്തിലാണ്. ത്രിതല പഞ്ചായത്തുകളുടെ സബ്‌സിഡിക്ക് പുറമെ മില്‍മയുടെ ലാഭവും കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനാണ് ഉപയോഗിക്കുന്നത്. തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കി. കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ ടാഗ് ഘടിപ്പിക്കുന്നതിന് ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതി വിവിധ ജില്ലകളില്‍ നടപ്പാക്കിവരുന്നു. മൊബൈല്‍ ക്ലിനിക്കുകള്‍ ഏത് സമയത്തും കര്‍ഷകരുടെ വീടുകളിലെത്തി വളര്‍ത്തുമൃഗങ്ങള്‍ക്ക് സേവനം നല്‍കുന്ന സംവിധാനവും വിവിധ താലൂക്കുകളില്‍ നിലവില്‍ വന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സിനും കിടാരി വളര്‍ത്തലിനും കന്നുകുട്ടി പരിപാലനത്തിനും സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സഹായം നല്‍കുന്നു. ക്ഷീരസംഘം ജീവനക്കാരുടെ മക്കള്‍ക്ക് മില്‍മയില്‍ വരുന്ന ഒഴിവുകളില്‍ ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ ഏറ്റവുമധികം പാലുത്പാദിപ്പിച്ച കര്‍ഷകര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, എം.ആര്‍.സി.എം.പി.യു ഡയറക്ടര്‍ റോസിലി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ.എം, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ പൗലോസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍