പാലുത്പാദനക്ഷമതയില്‍ കേരളം മുന്‍പന്തിയില്‍: മന്ത്രി ജെ.ചിഞ്ചു റാണി; കര്‍ഷകക്ഷേമത്തിനായി പുല്‍പ്പള്ളിയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ക്ക് പ്രശംസ

പുല്‍പ്പള്ളി: പാല്‍ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തില്‍ കേരളം ദേശീയതലത്തില്‍ മുന്‍പന്തിയിലാണെന്നും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയും പന്നിപ്പനി മൂലം ജീവനോപാധി നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. മൃഗസംരക്ഷണ, ക്ഷീരമേഖലകളില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളും നൂതനാശയങ്ങളും കര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ പുല്‍പ്പള്ളി മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ വെറ്റ് ഓണ്‍ വീല്‍സ് എന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി, ഗര്‍ഭിണികളായ പശുക്കള്‍ക്കും കന്നു കുട്ടികള്‍ക്കും നല്‍കുന്ന സമഗ്ര പോഷക സംരക്ഷണ പരിപാടിയായ എന്റെ പൈക്കിടാവ്, കേരളത്തിലെ ആദ്യമായ ഡിജിറ്റില്‍ ഒ.പി സംവിധാനമുള്ള വെറ്ററിനറി ഹോസ്പിറ്റല്‍, ഗ്രാമപഞ്ചായത്തിലെ എല്ലാ ക്ഷീര കര്‍ഷകര്‍ക്കും സൗജന്യ നിരക്കില്‍ കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്ന വേനല്‍കാല കറവ സംരക്ഷണ പദ്ധതി, ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളില്‍ പോത്തു വളര്‍ത്തല്‍ യൂണിറ്റുകള്‍, കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലിനു സബ്‌സിഡി, പുല്‍പ്പള്ളി മൃഗാശുപത്രി മുഖേനയുള്ള ചികിത്സ ശാക്തീകരണത്തിന് പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ വെറ്ററിനറി മരുന്നുകള്‍, 200ഓളം പശുക്കുട്ടികള്‍ക്ക് പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ആനുകൂല്യം, 1500 ഓളം കുടുംബങ്ങളില്‍ കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍, കൂടാതെ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി പേവിഷപ്രതിരോധ നടപടികളും എബിസി പദ്ധതിയും തുടങ്ങി മൃഗസംരക്ഷണ, ക്ഷീര മേഖലകളില്‍ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഒത്തുചേര്‍ന്ന് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, അംഗങ്ങളായ മേഴ്‌സി ബെന്നി, രജനി ചന്ദ്രന്‍, പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉഷ തമ്പി, അംഗം ബീന ജോസ്, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീദേവി മുല്ലക്കല്‍, ജോളി നരിതൂക്കില്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വിമല്‍ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ടി.യു ഷാഹിന, പുല്‍പ്പള്ളി വെറ്ററിനറി ആശുപത്രി സീനിയര്‍ സര്‍ജന്‍ ഡോ. കെ.എസ് പ്രേമന്‍, പുല്‍പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ സുധ, മറ്റു ജനപ്രതിനിധികള്‍, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍