ബിജെപിയുടെ പദ്ധതികള്‍ ബ്യൂറോക്രാറ്റുകളിലൂടെ: പ്രധാനമന്ത്രി ജനങ്ങളെ പരിഹസിക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി ഉയര്‍ന്ന് വന്നത് ജനങ്ങള്‍ക്കിടയില്‍ നിന്ന്: രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ ത്രിതല പഞ്ചായത്തുകളിലെ യു.ഡി.എഫ് ജന പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി എം.പി.യുടെ സംവദിച്ചു. വയനാടിന്റെ പ്രാദേശിക വികസന വിഷയങ്ങളിലാണ് രാഹുല്‍ ഗാന്ധി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ബഫര്‍ സോണ്‍, വന്യമൃഗശല്യം, മാലിന്യ പ്രശ്‌നം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് സംവാദം നടന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതും വൈകുന്നതും സംബന്ധിച്ച പരാതികള്‍ പലരും രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചു.പല വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിലും കേരള സര്‍ക്കാരിലും താന്‍ തന്നെ ഉന്നയിക്കുന്ന കാര്യങ്ങളാണന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പൊതു പ്രതികരണം. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും യഥാസമയം ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മാലിന്യ സംസ്‌കരണം വലിയ പ്രശ്‌നമാണന്ന് മനസ്സിലാക്കുന്നു.ബഫര്‍ സോണ്‍ വിഷയം കോടതിയിലാണ്. ഈ വിഷയം പരമാവധി വേഗത്തില്‍ പരിഹരിക്കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ പറഞ്ഞു.
വയനാട് മെഡിക്കല്‍ കോളേജ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇക്കാര്യത്തില്‍ വേഗത ഇല്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.യു.ഡി.എഫ് ആണ് അധികാരത്തിലെങ്കില്‍ വയനാട്ടില്‍ മികച്ച മെഡിക്കല്‍ കോളേജ് ഉണ്ടാവുമായിരുന്നു. മറ്റ് ജില്ലകളില്‍ നിന്ന് പോലും ഇവിടേക്ക് ചികിത്സക്ക് വരുന്ന തരത്തില്‍ മികച്ചതാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് യു.പി.എ കാലത്ത് ആവിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ബിജെ.പി.യുടെ പദ്ധതികളും ബ്യൂറോക്രാറ്റുകളിലൂടെയാണ്.പ്രധാനമന്ത്രി ജനങ്ങളെ പരിഹസിക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി ഉയര്‍ന്ന് വന്നത് ജനങ്ങള്‍ക്കിടയില്‍ നിന്നാണന്ന് അദ്ദേഹം മനസ്സിലാക്കണം.ഈ പദ്ധതികളെ ഞെക്കി കൊല്ലാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സംവാദത്തിന് ശേഷം അഭിസംബോധന ചെയ്യവെ ജന പ്രതിനിധികളുടെ ഉത്തരവദിത്വത്തെക്കുറിച്ചും കടമകളെ കുറിച്ചും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. യു.ഡി.എഫിന് ഒരിക്കലും ജയിക്കാന്‍ കഴിയില്ലന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ കരുതലോടെ ഇടപെടല്‍ നടത്തി ജനങ്ങള്‍ക്ക് സേവനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്നതായിരുന്നു സംവാദം .രാഹുല്‍ ഗാന്ധിക്ക് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയ പ്രദേശത്ത് എം.പി. ഫണ്ട് പരിമിതമായി മാത്രമെ ലഭിക്കുന്നു വെന്ന പരാതി മുതല്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഇടപെടണമെന്ന് വരെ ജനപ്രതിനിധികള്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ അവതരിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍