പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ ഇന്നു മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും

പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ ഇന്നു മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികള്‍, കോഴി, താറാവ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള ടീമാണ് പക്ഷികളെ കൊന്നൊടുക്കുക. ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
ആദ്യ ഘട്ടത്തില്‍ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളായ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് പൂര്‍ണമായും, പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, കൃഷ്ണപുരം വാര്‍ഡ്, അക്കരവിള വാര്‍ഡ്, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ട പ്രദേശങ്ങളിലെ മുഴുവന്‍ കോഴി, താറാവ്, മറ്റു അരുമ പക്ഷികള്‍ എന്നിവയെ കൊന്ന് മുട്ട, ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.
ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒന്‍പത് കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം എന്നിവയും ഉള്‍പ്പെടുന്ന സര്‍വൈലന്‍സ് സോണിന്റെ പരിധിയില്‍ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികള്‍ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്‍പ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ പഞ്ചായത്തുകളില്‍ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ തിങ്കളാഴ്ച മുതല്‍ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍