വയനാടിന്റെ തനിമ വീണ്ടെടുക്കാന്‍ 'സേഫ് വയനാട് പദ്ധതി'യുമായി ജില്ലാ ഭരണകൂടം

• അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ മൂന്നാഴ്ച സമയം
• സേഫ് വയനാടിന്റെ ലക്ഷ്യം പ്ലാസ്റ്റിക് രഹിത വയനാട്
• ജില്ലാ ഭരണകൂടം ജനപ്രതിനിധികളുടെ വിപുലമായ യോഗം വിളിക്കും
വയനാട് ജില്ലയുടെ പാരിസ്ഥിതിക സംതുലനം നിലനിര്‍ത്താനും റോഡുകളിലെ സുരക്ഷിത യാത്ര ഉറപ്പാക്കാനുമായി 'സേഫ് വയനാട് മിഷന്‍' നടപ്പാക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ വിപുലമായ യോഗം ഉടനെ ചേരും. ഈ യോഗത്തിന് ശേഷം റോഡ് സുരക്ഷയ്ക്ക് വിഘാതമായി റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് സമയപരിധി നിശ്ചയിച്ച് നല്‍കും. പ്ലാസ്റ്റിക് ഫ്‌ളക്‌സുകള്‍ പൂര്‍ണമായി നിരോധിക്കും. നിയമവിരുദ്ധമായി ഫ്‌ളക്‌സുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കും. എന്നിട്ടും നീക്കാത്തപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി എന്നിവയുടെ സഹായത്തോടെ തഹസില്‍ദാര്‍മാര്‍ ഇവ നീക്കം ചെയ്ത് ചെലവായ തുക ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കും. പ്ലാസ്റ്റിക്‌രഹിത വയനാട് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്പാണ് പദ്ധതി.
ചെറിയ ജില്ലയായിട്ടും വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം 81 അപകട മരണങ്ങളുണ്ടായി. 713 പേര്‍ക്ക് പരുക്കേറ്റു. 2015 ല്‍ 62 പേര്‍ അപകടത്തില്‍ മരിച്ചു. സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് കൂടുതല്‍ അപകടങ്ങളും പകല്‍ സമയത്താണ് എന്നാണ്. ഈ പശ്ചാത്തലത്തിലാണ് കാഴ്ച മറയ്ക്കുന്ന വിധം റോഡ് വക്കില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാന്‍ അടിയന്തര നടപടിയെടുക്കുന്നത്. പുതുതായി അനധികൃത ഫ്‌ളക്‌സുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ പോലീസ് ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ഭാവിയില്‍ പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് മാത്രം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലും എവിടെയെല്ലാം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം എന്നത് സംബന്ധിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനം കൈക്കൊള്ളുകയും അത് വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം അനുവദിക്കുകയും ചെയ്യും. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചിത ഫീസ് ഒടുക്കുക, മുള, തുണി തുടങ്ങിയ പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച്് മാത്രം പരസ്യങ്ങള്‍ സ്ഥാപിക്കുക, റോഡപകടങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള ബ്ലൈന്‍ഡ് സ്‌പോട്ടുകളുടെ പരിസരത്ത് യാതൊരു വിധ പരസ്യബോര്‍ഡുകളും അനുവദിക്കാതിരിക്കുക തുടങ്ങിയവയും നടപ്പാക്കും. അടുത്തുതന്നെ ചേരുന്ന വിപുലമായ യോഗത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സേഫ് വയനാട് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ മാത്രമേ പദ്ധതി വിജയിപ്പിക്കാനാകൂ എന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. റോഡിലേക്ക് കയറി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ നീക്കുന്നതിന് ഒരു മാസത്തിനകം നടപടിയെടുക്കുമെന്ന് യോഗത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.സഹദേവന്‍, എ.ഡി.എം.കെ.എം.രാജു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി എന്നിവരും സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍