കൊവിഡ് കരുതല്‍ വാക്‌സിന്‍; നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് കരുതല്‍ വാക്‌സിനുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 28 ശതമാനം പേര്‍ മാത്രമേ കരുതല്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. സംസ്ഥാനങ്ങളോട് കരുതല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. അവശ്യമായ വാക്‌സിനുകള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മുന്‍നിര പോരാളികള്‍ക്ക് എല്ലാവര്‍ക്കും കരുതല്‍ വാക്‌സിന്‍ അടിയന്തിരമായി നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.
ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.
മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ആശങ്ക വേണ്ട എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവരേയും അനുബന്ധ രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍