OPEN NEWSER

Wednesday 06. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബഫര്‍ സോണ്‍: ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

  • Keralam
21 Dec 2022

 

ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവനോ ജീവനോപാധിയേയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാട്. മറിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ബഫര്‍സോണായി നിശ്ചയിച്ച പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രിംകോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമര്‍പ്പിക്കും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബഫര്‍ സോണ്‍ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും ചേര്‍ത്ത് മാത്രമേ അന്തിമ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ നല്‍കുകയുള്ളൂ. സുപ്രീം കോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുന്‍പാകെ തെളിയിക്കുന്നതിനാണ് എല്ലാ നിര്‍മ്മാണങ്ങളും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ബഫര്‍സോണ്‍ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്കോ കര്‍ഷകര്‍ക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങള്‍ ബഫര്‍സോണ്‍ ആക്കാന്‍ പ്രായോഗികമായുള്ള പ്രയാസങ്ങള്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ പ്രദേശങ്ങള്‍ വ്യക്തമാക്കി നിര്‍മ്മാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രിംകോടതിയില്‍ കേരളം ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജി ഹിയറിംഗിന് വരുമ്പോള്‍ ഈ തെളിവുകള്‍ പൂര്‍ണ്ണ തോതില്‍ ലഭ്യമാക്കും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്. ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയത്.

2002 ലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജിയുടെ (അന്ന് എന്‍ഡിഎ സര്‍ക്കാര്‍) ചുവടുപിടിച്ചാണ് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നത് എന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ ജയറാം രമേശ് കടുത്ത നിര്‍ബന്ധബുദ്ധിയാണ് കാണിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍ സോണ്‍ മനഃപൂര്‍വ്വം നടപ്പാക്കാതിരിക്കുകയാണെന്ന് 2010 ല്‍ തന്നെ അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു.

2011 ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ബഫര്‍ സോണിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംസ്ഥാന വന്യ ജീവി ബോര്‍ഡിന്റെ മൂന്ന് ഉപ സമിതികള്‍ രൂപീകരിക്കുകയുണ്ടായി. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എന്‍.ഷംസുദ്ദീന്‍ എന്നീ യുഡിഎഫ് എംഎല്‍എമാരായിരുന്നു ഉപസമിതി അധ്യക്ഷന്മാര്‍.

2013 ജനുവരി 16 നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ഉപസമിതി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയത്.

2013 ഫെബ്രുവരി 11 നായിരുന്നു വയനാട് വൈല്‍ഡ് ലൈഫ് സാങ്ക്ച്വറിക്കുചുറ്റും ബഫര്‍ സോണ്‍ നിര്‍ണ്ണായിക്കാനുള്ള ഉപസമിതി വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഈ യോഗങ്ങളില്‍ ജനപ്രതിനിധികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചെങ്കിലും ഉപസമിതികള്‍ അത് ഗൗനിച്ചോ എന്നതില്‍ സംശയമുണ്ട്.

ഉപസമിതി സിറ്റിങ്ങുകള്‍ക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്നാണ് പിന്നീട് യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്.

തുടര്‍ന്ന് 2013 മേയ് എട്ടിന്റെ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ നമ്പര്‍ 12881/ഡി 2/2012 വനം, ഇനം നമ്പര്‍ 3443 ആയി ദേശീയ ഉദ്യാനങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റും 0 മുതല്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് അന്നത്തെ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു.

നിശ്ചയിച്ച ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം അന്ന് എടുത്തെങ്കിലും അതിനു ആവശ്യമായ രേഖകള്‍ കേന്ദ്രത്തിന് യഥാ സമയം സമര്‍പ്പിച്ചില്ല. കേന്ദ്ര വിദ?ഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ല.

2016 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനാണ് നിലപാടെടുത്തത്. അതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടത്തി.

കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി 2019 ഓഗസ്റ്റ് 8 ന് കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം പുതുക്കിയ ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കി. അതുപ്രകാരം 10 കിലോമീറ്റര്‍ ബഫര്‍ സോണിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി വേണ്ട എന്ന നില വന്നു. ബഫര്‍സോണില്‍ ഒരു പ്രവൃത്തിയും പറ്റില്ല എന്ന് പറഞ്ഞിടത്താണ് സംസ്ഥാനങ്ങളുടെ സമ്മര്‍ദം കാരണം ഈ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പിന്നീട് തുടര്‍ച്ചയായുണ്ടായ പ്രളയത്തിന്റെയും മറ്റ് പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട ഘട്ടത്തില്‍ ആണ് ബഫര്‍ സോണ്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

'പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ ' എന്നതില്‍ നിന്നും ബഫര്‍ സോണ്‍ പരിധി '0 മുതല്‍ 1 കിലോമീറ്റര്‍ വരെ' നിജപ്പെടുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബര്‍ 31 ന് മന്ത്രിസഭ തീരുമാനിച്ചു.

ഈ ഉത്തരവില്‍ ഒരു കി.മീ പ്രദേശം നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കണം എന്ന് പറയുന്നില്ല. പൂജ്യം മുതല്‍ ഒരു കിലോ മീറ്ററില്‍ താഴെ എത്ര വേണമെങ്കിലും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി നിശ്ചയിക്കാമെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. ബഫര്‍ സോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ നേരിട്ട് ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ അത്യാവശ്യമെങ്കില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയില്‍ മനസിലാക്കുന്നതിനാണ് ഈ പൊതുനിര്‍ദേശം ഉള്‍പ്പെടുത്തിയത്.

 

ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ബഫര്‍ സോണ്‍ നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിര്‍ദേശങ്ങളിലും ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുള്ളതാണ്. ആ ഘട്ടത്തില്‍ ഉയര്‍ന്ന പരാതികളും അഭിപ്രായങ്ങളും സര്‍ക്കാര്‍ പരിഗണിച്ചു ജനങ്ങളെ നേരിട്ടുകേട്ടു.

 

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് 2020 സെപ്റ്റംബര്‍ 28ന് വനംവന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് 2019 ഒക്ടോബര്‍ 31 ന്റെ തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

ബഫര്‍ സോണ്‍ പ്രഖ്യാപിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ മേഖലകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ എന്നിവയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. ഇടുക്കി, ആറളം, കൊട്ടിയൂര്‍, ശെന്തുരിണി, തട്ടേക്കാട്, പെരിയാര്‍, വയനാട്, സൈലന്റ് വാലി, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, പീച്ചി എന്നീവയുള്‍പ്പെടെയുള്ള വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ പുതുക്കിയ രൂപത്തോടുകൂടിയ കരട് ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ പരിഗണനക്കായി അയച്ചു. ഇത് പരിശോധിച്ച് വിദഗ്ദ്ധ സമിതിയുടെ യോഗത്തില്‍ വെച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഘട്ടത്തിലെത്തി നില്‍ക്കവെയാണ് ഗോദവര്‍മ്മന്‍ തിരുമല്‍പ്പാട് കേസില്‍ 2022 ജൂണ്‍ 3 ന് സുപ്രീം കോടതി വിധിയുണ്ടായത്.

 

ഈ കേസിലെ വിധി പ്രകാരം ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ ആവശ്യമെങ്കില്‍ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനെയും സമീപിച്ച് അവരുടെ ശുപാര്‍ശ പ്രകാരം സുപ്രിംകോടതിയെ സമീപിക്കേണ്ടതുണ്ട്. ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി അംഗീകാരം വാങ്ങാനുള്ള നടപടിക്രമങ്ങള്‍ വിധി വന്ന ഉടനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതാണ്.

 

2022 ജൂണ്‍ മൂന്നിലെ സുപ്രിംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടികാണിച്ച് സംസ്ഥാനം സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

 

ഇങ്ങനെ റിവ്യൂ ഹര്‍ജി നല്‍കാന്‍ കാരണം നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷത തന്നെയാണ്. വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും 590 കിലോമീറ്റര്‍ കടല്‍ തീരവും നിരവധിയായ തടാകങ്ങളും കായലുകളും നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും അടങ്ങിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനസാന്ദ്രത സ്‌ക്വയര്‍ കിലോമീറ്ററില്‍ 900ന് മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയാണ്. ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങള്‍ വളരെ കുറവാണ്. ഈ കാരണങ്ങളാല്‍ ജനവാസമേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. അതില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വന്നത് എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

നിലവിലുള്ള നിര്‍മ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. 3.6.2022 ലെ സുപ്രീം കോടതി ഉത്തരവിന്റെ ഖണ്ഡിക 44 ഇ പ്രകാരം ഡ്രോണ്‍ അല്ലെങ്കില്‍ ഉപഗ്രഹ സര്‍വ്വേ എന്നീ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍വ്വേ നടത്താം എന്നാണ് പറയുന്നത്.

 

ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണ്ണമാകാന്‍ സാധ്യതയില്ല എന്നും കെട്ടിടങ്ങള്‍, ചില ഭൂപ്രദേങ്ങള്‍ എന്നിവ നിഴല്‍ മൂലമോ മരങ്ങളുടെ തടസ്സങ്ങള്‍ വഴിയോ വ്യക്തമാകാന്‍ സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാകും എന്നും വന്നു. അത് മനസിലാക്കിയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്നലെ ഈ വിഷയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വനം, റവന്യൂ, ധന, തദ്ദേശ സ്വയംഭരണ, ജലവിഭവ മന്ത്രിമാരും അഡ്വ.ജനറലും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ആ യോഗത്തിന്റെ തീരുമാനപ്രകാരം ഇന്ന് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗവും ചേര്‍ന്നു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറുന്നത് എന്ന് ഈ യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. നവാസകേന്ദ്രങ്ങളും നിര്‍മ്മിതികളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടുള്ളതായിരിക്കും ബഫര്‍സോണ്‍ എന്നും തീരുമാനിച്ചു.

 

ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള മാപ്പാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറിയത്. ബഫര്‍ സോണിന്റെ കാര്യത്തില്‍ ഈ മാപ് മാത്രമായിരിക്കും അടിസ്ഥാന രേഖ. ഈ മാപ് ഇന്നു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വനം വന്യജീവി വകുപ്പ് തയാറാക്കിയിട്ടുള്ള ഈ മാപ് പൊതുജനങ്ങള്‍ക്ക് കാണാനായി എല്ലാ വാര്‍ഡിലും വായനശാല, അങ്കണവാടി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

 

ഈ കരട് ഭൂപടത്തില്‍ ഏതൊക്കെ സര്‍വേ നമ്പരുകള്‍ വരുമെന്ന വിവരവും ഒരാഴ്ചക്കുള്ളില്‍ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

 

ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള സമയം നല്‍കും. അത്തരം അധിക വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡസ്‌ക്ക് രൂപീകരിച്ചു. അധിക വിവരങ്ങള്‍ നിശ്ചിത പെര്‍ഫോമയിലാണ് നല്‍കേണ്ടത്. ഈ പെര്‍ഫോമ ഹെല്‍പ് ഡെസ്‌കുകളില്‍ നിന്നും കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. നിശ്ചിത പെര്‍ഫോമയില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് eszexpertcommittee@gmail എന്ന ഇമെയില്‍ വിലാസത്തിലും ഹെല്‍പ് ഡെസ്‌കുകളില്‍ നേരിട്ടും നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന അധിക വിവരങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കും.

 

ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പറും ഫോറസ്റ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചയ്യാന്‍ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍/ കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സമിതികള്‍ ഇതിന്റെ ഭാഗമായി രൂപീകരിക്കും. ഈ സമിതിയാണ് ഹെല്‍പ് ഡസ്‌കുകളുടെ മേല്‍നോട്ടവും വഹിക്കേണ്ടത്. ഇവര്‍ക്ക് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെഎസ്ആര്‍ഇസി പരിശീലനം നല്‍കും. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഒരോ നിര്‍മ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിങ്ങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകള്‍, വായനശാലകള്‍, ഒഴിഞ്ഞ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകള്‍ ആയി ഹെല്‍പ് ഡെസ്‌കുകള്‍ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കാമോ എന്നും പരിശോധിക്കാവുന്നതാണ്. അങ്ങിനെയെങ്കില്‍ മൈക് അനൗണ്‍സ്‌മെന്റ് കൂടി ഇതേ വാഹനത്തില്‍ സജ്ജീകരിക്കാം. ഇതേ സമിതി തന്നെ ഫീല്‍ഡ് വെരിഫികേഷനും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

എല്ലാ തരം നിര്‍മിതികളും ഉള്‍പ്പെടുത്തുന്നതിനുള്ള വ്യക്തമായ നിര്‍ദേശം നല്‍കി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുല്‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിര്‍മിതികളും ഉള്‍ക്കൊള്ളിക്കണം. സംഘടനകളും മറ്റു കൂട്ടായ്മകളും നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാര്‍ഡ് തല ഹെല്‍പ് ഡസ്‌കിന് കൈമാറുകയും ചെയ്യും.

 

ലഭ്യമായ അധിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി വനം വകുപ്പ് വീണ്ടും മാപ് പുതുക്കും. പുതുക്കിയ മാപ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രൂപീകരിക്കുന്ന സര്‍വകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വനം വകുപ്പ് അന്തിമകരട് റിപ്പോര്‍ട്ട് തയാറാക്കും. ജില്ലാ തലത്തില്‍ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേല്‍നോട്ട സമിതി രൂപീകരിക്കും. സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ ഒരുഅവ്യക്തതയും ഇല്ല. യഥാര്‍ത്ഥ വസ്തുതകളും വിവരങ്ങളും മറച്ചുവെച്ച് ജനങ്ങളെ പുകമറയില്‍ നിര്‍ത്താനും സര്‍ക്കാരിനെതിരെ വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നത്. സര്‍വേ നടത്തുന്നത് നിലവിലുള്ള നിര്‍മ്മാ ണങ്ങള്‍ സംരക്ഷിക്കാനാണ് എന്ന വസ്തുത പോലും സൗകര്യപൂര്‍വ്വം മറച്ചു വെക്കാനുള്ള നീക്കം ഉണ്ടാകുന്നു എന്നതും ആശ്ചര്യകരമാണ്. അത്തരത്തിലുള്ള കുപ്രചാരണങ്ങളെ തുറന്നു കാട്ടും. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി
  • മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കളക്ടര്‍
  • മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടു കോടിയിലധികം കുഴല്‍പണവുമായി 2 പേര്‍ പോലീസിന്റെ പിടിയില്‍
  • ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
  • എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി: കോണ്‍ഗ്രസ്
  • ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു: ഉഷാ വിജയന്‍
  • വയനാട് ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
  • നിയമസഭാ തെരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകള്‍
  • കല്‍പ്പറ്റയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show