നെതര്‍ലന്‍ഡ്‌സിനും ഇക്വഡോറിനും ഇന്ന് നിര്‍ണായകം; ഇറാനും ഇംഗ്ലണ്ടിനും സമനിലയെങ്കിലും വേണം
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍, ഇറാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കൊക്കെ ഇന്ന് നിര്‍ണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയില്‍ ഇക്വഡോര്‍ - സെനഗല്‍ മത്സരവും നെതര്‍ലന്‍ഡ്‌സ് - ഖത്തര്‍ മത്സരവും ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30നും ഗ്രൂപ്പ് ബിയില്‍ ഇറാന്‍ - യുഎസ്എ, വെയില്‍സ് - ഇംഗ്ലണ്ട് മത്സരങ്ങള്‍ അര്‍ദ്ധരാത്രി 12.30നും നടക്കും.
ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് വീതമുള്ള നെതര്‍ലന്‍ഡ്‌സും ഇക്വഡോറും ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇന്ന് വിജയിച്ചാല്‍ ഇരു ടീമുകളും 7 പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും. നെതര്‍ലന്‍ഡ്‌സിന് സമനില മതിയെങ്കില്‍ ഇക്വഡോറിന് ജയം കൂടിയേ തീരൂ. ഗ്രൂപ്പില്‍ രണ്ട് കളിയില്‍ നിന്ന് മൂന്ന് പോയിന്റുള്ള സെനഗല്‍ മൂന്നാമതും പോയിന്റൊന്നുമില്ലാത്ത ഖത്തര്‍ നാലാമതുമാണ്. നെതര്‍ലന്‍ഡ്‌സും ഇക്വഡോറും പരാജയപ്പെട്ടാല്‍ സെനഗല്‍ 6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. ഇത് ഇക്വഡോറിന്റെയും നെതര്‍ലന്‍ഡ്‌സിന്റെയും സാധ്യതകള്‍ തുലാസിലാക്കും. ഇരു ടീമുകളിലും മികച്ച ഗോള്‍ ശരാശരിയുള്ളവര്‍ അടുത്ത ഘട്ടത്തിലെത്തും. നെതര്‍ലന്‍ഡ്‌സ് തോറ്റ് ഇക്വഡോര്‍ വിജയിച്ചാലും നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനക്കാരായി രക്ഷപ്പെടും. സെനഗലിനൊപ്പം ഖത്തര്‍ വന്‍ ഗോള്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ ഖത്തറും സെനഗലും അടുത്ത ഘട്ടത്തിലെത്തും.
ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള ഇംഗ്ലണ്ട് ഒന്നാമതും 3 പോയിന്റുള്ള ഇറാന്‍ രണ്ടാമതുമാണ്. രണ്ട് പോയിന്റുള്ള യുഎസ്എ മൂന്നാമതാണ്. ഒരു പോയിന്റ് മാത്രമുള്ള വെയില്‍സ് ആണ് അവസാന സ്ഥാനത്ത്. ഇറാനും ഇംഗ്ലണ്ടും ഇന്ന് വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും ഇറാന്‍ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറിലെത്തും. ഇംഗ്ലണ്ട് തോറ്റ് ഇറാന്‍ ജയിച്ചാല്‍ ഇറാന്‍ ഒന്നാം സ്ഥാനക്കാരായും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറിലെത്തും. ഇറാന്‍ തോറ്റ് ഇംഗ്ലണ്ട് വിജയിച്ചാല്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായും യുഎസ്എ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലെത്തും. ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയം നേടിയാല്‍ വെയില്‍സിനും സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇറാന്‍ വിജയിച്ചാലോ സമനില പാലിച്ചാലോ ഇംഗ്ലണ്ട് പുറത്താവും. ഇറാനും വെയില്‍സും അടുത്ത ഘട്ടത്തിലെത്തും. ഇംഗ്ലണ്ട് വമ്പന്‍ തോല്‍വി വഴങ്ങി ഇറാനും തോറ്റാല്‍ വെയില്‍സും യുഎസ്എയും പ്രീക്വാര്‍ട്ടര്‍ കളിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍