ബ്രൂണോ 'പുലിയാണ് '.! നിരോധിത പാന്‍മസാല, പുകയില ഉത്പ്പനങ്ങള്‍ വില്‍ക്കുന്നവരെ പിടികൂടാന്‍ ബ്രൂണോ രംഗത്ത്; ആദ്യ ഓപ്പറേഷനില്‍ 500 പാക്കറ്റ് ഹാന്‍സുമായി മധ്യവയസ്‌കന്‍ പിടിയില്‍

ജില്ലയിലെ നിരോധിത പാന്‍മസാലകളും, പുകയില ഉത്പ്പന്നങ്ങളും വില്‍ക്കുന്നത് തടയുന്നതിനായി പോലീസ് സേനയിലേക്ക് ഇനി ബ്രൂണോയുടെ സേവനംകൂടി ലഭ്യമാകും. ഹൈദരാബാദില്‍ നിന്നും തീവ്രപരിശീലനം ലഭിച്ച ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട സ്നിഫര്‍ ഡോഗാണ് ബ്രൂണോ. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്‌ക്വാഡിന്റെ കൂടെ പാന്‍മസാല വേട്ടയ്ക്ക് ബ്രൂണോയും ഇനി ജില്ലയിലുണ്ടാകും. ഇന്നത്തെ ആദ്യ ഓപ്പറേഷനില്‍ ബത്തേരിയിലെ കടയില്‍ ഒളിപ്പിച്ചുവെച്ച അഞ്ഞൂറ് പാക്കറ്റ് ഹാന്‍സ് ബ്രൂണോ മണത്ത് കണ്ടുപിടിച്ചു. കടയുടമ ബീനാച്ചി താഴത്തെ പുരയില്‍ അസീസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബത്തേരി പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയില്‍ നിന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും, ബത്തേരി എസ് ഐ ബിജു ആന്റണി, അഡി.എസ്ഐ ജോണിയും ചേര്‍ന്ന് അഞ്ഞൂറോളം പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കടയുടെ പിന്‍ഭാഗത്ത് ഒളിപ്പിച്ചുവെച്ചിരുന്ന പാന്‍മസാല പിടികൂടാന്‍ പോലീസ് സേനയെ സഹായിച്ചത് ബ്രൂണോയെന്ന സ്നിഫര്‍ ഡോഗാണ്. ഹൈദരാബാദില്‍ നിന്നും പ്രത്യേകപരിശീലനം കഴിഞ്ഞെത്തിയ ബ്രൂണോയുടെ ജില്ലയിലെ ആദ്യ ഓപ്പറേഷനാണ് ഇന്നത്തേത്. പാന്‍മസാല പരിശോധനയുമായി ബന്ധപ്പെട്ട് പ്രസ്തുത കടിയിലെത്തിയ ബ്രൂണോ നിമിഷങ്ങള്‍ക്കുള്ളില്‍ കടക്കുള്ളിലേക്ക് ഓടിക്കയറുകയും ഒളിപ്പിച്ചുവെച്ചിരുന്ന ഹാന്‍സ് കടിച്ചുവലിച്ച് പറത്തിടുകയുമായിരുന്നു. തുടര്‍ന്ന് കടയുടമ ബീനാച്ചി താഴത്തെപുരയില്‍ അസീസ് (48)നെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചതോടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി പാന്‍മസാലകള്‍ വില്‍പന നടത്തുന്നവരെ പിടികൂടാനുള്ള ജില്ലാപോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രൂണോയുടെ സേവനവും ഉപയോഗപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യാപകമാക്കുമെന്നും പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍