സമ്പുഷ്ടീകരിച്ച അരി വിതരണം: ഭക്ഷ്യമന്ത്രി വയനാട് ജില്ലയിലെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി;സിക്കിള്‍ സെല്‍ അനീമിയ, തലാസിയ രോഗ ബാധിതര്‍ക്ക് സമ്പുഷ്ടീകരിക്കാത്ത അരി വിതരണത്തിന് നടപടി

തിരുവനന്തപുരം: വയനാട് ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ നിയമസഭാംഗങ്ങളുടെ യോഗം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു. നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി. ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവരും സിവില്‍ സപ്ലൈസ് കമ്മീഷണറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ, തലാസിയ രോഗ ബാധിതരുള്ള കുടുംബങ്ങളുടെ കൃത്യമായ വിവരം ആരോഗ്യ വകുപ്പില്‍ നിന്ന് ശേഖരിച്ച് അവര്‍ക്ക് സമ്പുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യം മേല്‍പറഞ്ഞ വിഭാഗം രോഗികളായ കുട്ടികള്‍ക്ക് നല്‍കുന്നത് സംബന്ധിച്ചുയര്‍ന്ന ആശങ്കകള്‍ അറിയിച്ചുകൊണ്ട് ഉച്ചഭക്ഷണ പരിപാടി, പ്രീപ്രൈമറി പോഷകാഹാര പദ്ധതികള്‍ നടപ്പിലാക്കുന്ന ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകള്‍ക്ക് ഭക്ഷ്യമന്ത്രി മന്ത്രി കത്ത് നല്‍കും.സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം പൊതുവിലോ ഏതെങ്കിലും രോഗാവസ്ഥയുള്ളവര്‍ക്ക് പ്രത്യേകമായോ ഉണ്ടോ എന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്പുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് എന്ന നിലയില്‍ സംസ്ഥാനത്ത് വയനാട്ടിലാണ് സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവ ഭക്ഷ്യ ധാന്യങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രക്രിയയാണ് സംപുഷ്ടീകരണം (Fortification). ഇത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിവേദനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യോഗം വിളിച്ചുചേര്‍ത്തത്.
വയനാട്ടിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന സിക്കിള്‍ സെല്‍ അനീമിയ, തലാസിയ രോഗ ബാധിതര്‍ക്ക് കൃത്രിമ പോഷകങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ജില്ലയില്‍ വ്യാപകമായുണ്ടെന്ന് ഒ. ആര്‍. കേളു എം.എല്‍.എയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിയിലും പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാര വിതരണത്തിലും മുന്‍പ് തന്നെ സമ്പുഷ്ടീകരണം നടപ്പിലാക്കിയിരുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍