കുട്ടികളുടെ വാക്‌സിനേഷന്‍ ; അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണം: വി ശിവന്‍കുട്ടി

കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണം. കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇതിനിടെ കൗമാരക്കാരുടെ വാക്‌സിനേഷനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. രജിസ്‌ട്രേഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ രക്ഷിതാക്കളെ സര്‍ക്കാര്‍ സഹായിക്കും. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുണ്ടായിരിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാല് ദിവസങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
വാക്‌സിന്റെ ലഭ്യതയനുസരിച്ച് 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. കുട്ടികളുടെ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവാക്‌സിന്‍ മാത്രമായിരിക്കും വിതരണം ചെയ്യുക. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതാണ്. വാക്‌സിനേഷന് അര്‍ഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ സംസ്ഥാനത്തുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍