സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു, നാല് മൃതദേഹങ്ങള്‍ കിട്ടി

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ തകര്‍ന്നു വീണു. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം.
ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥര്‍ ആരായിരുന്നുവെന്നോ എത്ര പേര്‍ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. രാജ്യത്തെ തന്നെ വളരെ പ്രമുഖനായ ഒരു സൈനിക ഉദ്യോഗസ്ഥന്‍ ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹെലികോപ്ടറില്‍ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു. ബിപിന്‍ റാവത്തിന്റേയോ അദ്ദേഹത്തിന്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ഒരുപക്ഷേ ദില്ലിയില്‍ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍