കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍

കല്‍പ്പറ്റ: കട തുടങ്ങുവാന്‍ ജിഎസ്ടി ലൈസന്‍സിന് വേണ്ടി അപേക്ഷിച്ച അപേക്ഷകനില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറേറ്റിലെ ഹെഡ് ഹവില്‍ദാര്‍ സജി തോമസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മീനങ്ങാടി കുളഗപാറയില്‍ കട തുടങ്ങുവാന്‍ ജി.എസ്.ടി ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചയാളോട് കട പരിശോധനക്കായി കൈക്കൂലി ആവശ്യപ്പെടുകയും തുടര്‍ന്ന് അപേക്ഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം തന്ത്രപൂര്‍വ്വം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു.
കട ഉടമ 3 മാസങ്ങള്‍ക്ക് മുമ്പ് ജി എസ് ടി വകുപ്പിന് കീഴിലുള്ള കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറേറ്റില്‍ പരാതി സമര്‍പ്പിച്ചിരുന്നു. കട പരിശോധനയ്ക്കായി ഓഫീസര്‍മാര്‍ വരാത്തതിനെ തുടര്‍ന്ന് കട ഉടമ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഹവില്‍ദാര്‍ സജി തോമസിനെ സ്ഥല പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ സജി തോമസുമായി ബന്ധപ്പെട്ടപ്പോള്‍ കട പരിശോധനയ്ക്ക് ഇന്ന് വരാമെന്നും എന്നാല്‍ 3000 രൂപ കൈക്കൂലി വേണമെന്നും ഫോണ്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കട ഉടമ ഈ വിവരം വിജിലന്‍സ് വയനാട് യൂണിറ്റ് ഡി വൈ എസ് പി അബ്ദുല്‍ റഹീമിനെ അറിയിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി ഉച്ചയ്ക്ക് ഒരുമണിയോടെ കട പരിശോധന കഴിഞ്ഞ് 3000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ സജി തോമസിനെ കൈയ്യോടെ പിടികൂടുകയും ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ ശശിധരന്‍, എ.യു ജയപ്രകാശ്, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ റെജി, കൃഷ്ണകുമാര്‍, സുരേഷ്, എസ് സി പി ഒ മാരായ പ്രദീപ്കുമാര്‍, ഗോപാലകൃഷ്ണന്‍ ബാലന്‍, സിപിഒമാരായ അജിത്ത് കുമാര്‍, ധനേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍