ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി

മാനന്തവാടി: എടവക പഞ്ചായത്തിലെ മുത്താറിമൂല പ്രദേശവാസികളോടൊപ്പം നാടിന്റെ നാനാഭാഗത്തുള്ളവരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ആശാവര്‍ക്കര്‍ ഷീജയ്ക്ക് അന്ത്യയാത്രാമൊഴി നല്‍കി. കോരിച്ചൊരിഞ്ഞ മഴയിലും ഷീജയെ അവസാനമായി ഒരു നോക്ക് കാണാന്‍ അണമുറിയാത്ത ജനപ്രവാഹത്തിനാണ് ഇന്ന് എടവക സാക്ഷ്യം വഹിച്ചത്. ഒരു കുടുംബത്തിന്റെ ആശകള്‍ അസ്തമിപ്പിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയ സഹപ്രവര്‍ത്തകയുടെ ചേതനയറ്റ ശരീരത്തില്‍ ആശാ വര്‍ക്കര്‍മാര്‍ നിറ മിഴികളോടെ പനിനീര്‍ പൂക്കള്‍ സമര്‍പ്പിച്ചു. ആലഞ്ചേരി വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും, തങ്ങളുടെ അമ്മയുടെ വിയോഗത്തില്‍ തളര്‍ന്നിരുന്ന നികന്യയെയും നിവേദ്യയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു. സമീപകാലത്തൊന്നും മാനന്തവാടി പരിസരത്ത് കാണാത്തത്ര വലിയ ജനസാഗരമാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ കോരിച്ചൊരിഞ്ഞ പെരുമഴയെ അവഗണിച്ച് ഒഴുകി എത്തിയത്. കളിചിരികളുമായി വീട്ടിലും നാട്ടിലും നിറഞ്ഞ് നിന്ന തങ്ങളുടെ പ്രിയപ്പെട്ട ആശയ്ക്ക് നിറമിഴികളോടെ ജനാവലി യാത്രയാക്കി. മന്ത്രി ഒ. ആര്‍. കേളു ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മേയ് 6 ന് ബത്തേരിയിലെ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകവെയാണ് ഷിജയും ഭര്‍ത്താവ് രാമകൃഷ്ണനും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചത്. സാരമായി പരുക്കേറ്റ ഷീജ ഉള്ളിയേരിയിലെ സ്വകാര്യ മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ 2 മാസത്തോളം മരണത്തോട് മല്ലടിച്ച ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്.
പരുക്കേറ്റ രാമകൃഷ്ണന് ഇനിയും ചികിത്സ തുടരേണ്ടതായുണ്ട്. ചുമട്ടുതൊഴിലാളിയായ രാമന്റെയും ആശ വര്‍ക്കര്‍ എന്ന നിലയില്‍ കിട്ടുന്ന ഷീജയുടെയും വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വരുമാനം നിലച്ച നിര്‍ധന കുടുംബത്തെ സഹായിക്കാനും ഷീജയുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താനുമായി നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു പ്രവര്‍ത്തിച്ച് വരുന്നതിനിടെയായിരുന്നു ഷീജയുടെ മരണം. ചൊവ്വാഴ്ച രാത്രിമാനന്തവാടി മെഡിയ്ക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ മോര്‍ച്ചറിയില്‍ എത്തിയിരുന്നു. 11 ഓടെ എടവക പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ഒരുക്കിയ പന്തലില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഷീജയുടെ മക്കള്‍ പഠിക്കുന്ന മാനന്തവാടി ഗവ. കോളജിലെയും മാനന്തവാടി ഗവ. ഹൈസ്‌കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നൂറുകണക്കിനാളുകള്‍ അവിടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. 12.30 ഓടെ വീട്ടിലെത്തിക്കുമ്പോള്‍ വന്‍ ജനാവലിയായിരുന്നു കാത്ത് നിന്നുരുന്നത്.
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
f152vm