ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബീനാച്ചി എസ്‌റ്റേറ്റിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കണ്ണൂര്‍ വി കെ കൃഷ്ണ മേനോന്‍ വനിത കോളേജില്‍ നടന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്‌റ്റേറ്റിലെ 224.3100 ഹെക്ടര്‍ ഭൂമിയിലെ 64.95 ഹെക്ടറില്‍ 1955 മുതല്‍ 160 കര്‍ഷക കുടുംബങ്ങള്‍ കയ്യേറി താമസിക്കുകയാണ്. ഈ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് പട്ടയത്തോടെ തിരിച്ച് നല്‍കണമെന്ന വിഷയത്തിലാണ് തീരുമാനം. റവന്യൂ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സര്‍ക്കാറുമായി സംയുക്ത പഠനം നടത്തി വേഗത്തില്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും
ചീങ്ങേരി മോഡല്‍ ഫാമിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീങ്ങേരി െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിലെ മോഡല്‍ ഫാമിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ല്‍ 31 തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്തിരുന്നത്. നിലവില്‍ 11 പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് അധികമായി 100 ഓളം പേര്‍ക്ക് ജോലി ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കൃഷി വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് കാര്‍ഷിക വൃത്തി പരിശീലിപ്പിക്കാന്‍ 1958 ലാണ് ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീം ഫാം രൂപീകരിച്ചത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി ഉന്നതിയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ പരിശീലനം നല്‍കി കാപ്പി, കുരുമുളക് തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് വരുമാനം ഉറപ്പാക്കുകയാണ് ഫാമിലൂടെ ലക്ഷ്യമാക്കിയത്. പ്രദേശത്തെ 526.35 ഏക്കര്‍ ഭൂമിയില്‍ നിന്നും 182 ഏക്കര്‍ കൃഷിതോട്ടം ഒഴിവാക്കി ബാക്കി സ്ഥലം റവന്യു വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ 2005 ഡിസംബര്‍ 20 ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 182 ഏക്കര്‍ ഭൂമി െ്രെടബല്‍ വിഭാഗങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ ടി.ആര്‍.ഡി.എം മിഷന് നല്‍കി.
ഫാം വികസിപ്പിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഫാം ഒരു സന്നദ്ധ സംഘമായി രജിസ്റ്റര്‍ ചെയ്യണമെന്ന് 2010 ല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉത്തരവാക്കിയിരുന്നു. നിലവില്‍ ഫാമില്‍ റീപ്ലാന്റേഷന്‍ നടത്തി ആറളം ഫാം സൊസൈറ്റി മാതൃകയിലോ ജില്ലാ കൃഷി ഫാമായോ മാറ്റാമെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം 31 തൊഴിലാളികളെ ഫാമില്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.
മരിയനാട് പുനരധിവാസ പദ്ധതി:
നഷ്ടപരിഹാരമായി അഞ്ച് കോടി അനുവദിച്ചു
മരിയനാട് എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മാത്രമായിരിക്കും തുക വിനിയോഗിക്കുക.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ച് ആനുകൂല്യ തുക വിതരണം ചെയ്യും. തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് ബന്ധപ്പെട്ട വകുപ്പ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരീകരിക്കണം. തൊഴിലാളികള്‍ ആനൂകൂല്യം കൈപ്പറ്റാന്‍ ആവശ്യമായ രേഖകള്‍ നല്‍കണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്‌നത്തിന് ശ്വാശത പരിഹാരമാകുന്നത്.
മരിയനാട് എസ്‌റ്റേറ്റില്‍ 2004ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, പലിശ എന്നിവ വയനാട് പാക്കേജില്‍ അനുവദിച്ച തുകയില്‍ നിന്നും വിതരണം ചെയ്യും. ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ട പരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാകും. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക. ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും. എസ്‌റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 പേരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പേരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ക്കും രണ്ട് താത്ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആനുകൂല്യം ഉറപ്പാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍