രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം

രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു.41,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തില്‍ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആര്‍.
ജൂലൈ മാസം മുതല്‍ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും 24 ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദമാണെന്നും ഐസിഎംആറിന്റെ പുതിയ പഠനം.
മറ്റു വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ 9.8 ശതമാനം കേസുകളില്‍ മാത്രമേ ആശുപത്രി ചികിത്സ ആവശ്യമുള്ളൂ. മരണനിരക്ക് 0.4% കുറവാണെന്നും പഠനത്തില്‍ പറയുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ മരിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ്് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്.
അഭിഷേക് ആനന്ദ്, ജസ്്റ്റിന്‍ സന്‍ഡര്‍ഫര്‍, മോദി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ പഠനത്തില്‍ മൂന്ന് കണക്കുകളാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിക് രജിസ്‌ട്രേഷന്‍ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങള്‍, ഇന്‍ഫെക്ഷന്‍ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങള്‍, കണ്‍സ്യൂമര്‍ പിരമിഡ് ഹൗസ്‌ഹോള്‍ഡ് സര്‍വേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 മരണങ്ങളുടെ കണക്കുകളും.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട് വിലയിരുത്തി. 2020 ജനുവരിമുതല്‍ 2021 ജൂണ്‍വരെയായിരുന്നു പഠന കാലയളവ്. സിറോ സര്‍വേകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേകള്‍, ഔദ്യോഗിക കണക്കുകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട്.
അതിനിടെ, സ്പുഡ്‌നിക്ക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്പുഡ്‌നിക്ക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍.
സ്പുട്‌നിക് വാക്‌സിന്‍ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിര്‍മിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയില്‍ കേരളവുമുണ്ട്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക.
ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ റഷ്യന്‍ അധികൃതര്‍ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചര്‍ച്ച നടത്തി. പ്രദേശത്തെ സ്വഭാവസവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താല്‍ ഗുജറാത്തിനേക്കാള്‍ മേല്‍ക്കൈ കേരളത്തിനാകും.
റഷ്യന്‍ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് പരീക്ഷണാര്‍ഥം ഉല്‍പാദിപ്പിക്കാന്‍ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്. മോസ്‌കോയിലെ ഗമാലയ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുമായി ചേര്‍ന്നായിരിക്കും സീറം ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍