സിക്കിം ലോട്ടറി വില്‍പന: ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ

സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ. സിക്കിം ലോട്ടറി വില്‍പനയ്ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്നും കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിക്കിം സര്‍ക്കാരിന്റെയും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ എ ജോണ്‍ കെന്നഡിയുടെയും ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.
ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. വിശദമായി വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. സിക്കിം സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ലോട്ടറി വിഷയത്തില്‍ നിയമ നിര്‍മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ആരാണ് നികുതി നല്‍കേണ്ടത്, എത്രയാണ് നികുതി എന്നതില്‍ വ്യക്തതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍