നെഞ്ചുവിരിച്ച് വയനാട് ജില്ലാശുപത്രി..! പരിസ്ഥിതി സംരക്ഷണ പ്രവൃത്തിയില്‍ ജില്ലാശുപത്രിക്ക് സംസ്ഥാനതല പുരസ്‌കാരം

മാനന്തവാടി:മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനതല പുരസ്‌കാരത്തില്‍ ആതുരാലയ വിഭാഗത്തില്‍ മൂന്നാം സ്ഥാനം മാനന്തവാടി ജില്ലാശുപത്രി കരസ്ഥമാക്കി. വന്‍കിട സ്വകാര്യ ആശുപത്രികളെ പിന്നിലാക്കിയാണ് ഈ സര്‍ക്കാര്‍ ആതുരാലയം സംസ്ഥാനത്തെതന്നെ മികച്ചനേട്ടം കരസ്ഥമാക്കിയത്. എറണാകുളം എയിംസ്, മേപ്പാടി ഡിഎം വിംസ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. മലിനജലസംസ്‌കരണ സംവിധാനവും, മാലിന്യം തരംതിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ജില്ലാശുപത്രിയെ മാതൃകാനേട്ടത്തിന് അര്‍ഹമാക്കിയത്.
ജില്ലയിലേയും സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളിലേയും നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായ മാനന്തവാടി ജില്ലാശുപത്രി വര്‍ഷങ്ങളായി മാലിന്യ കൂമ്പാരമായി കിടക്കുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു. ഇതിനെ തുര്‍ന്നാണ് മൂന്ന് വര്‍ഷം മുമ്പ് ജില്ലാശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാരും, ജീവനക്കാരും ജില്ലാപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സമ്പൂര്‍ണ്ണ മാലിന്യം സംസ്‌കരണത്തിനുള്ള കഠിനശ്രമവുമായി മുന്നോട്ട് വന്നത്. അതിന്റെ ആദ്യപടിയായി മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ബൃഹത് പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു. ആശുപത്രിയിലെ വാര്‍ഡുകളിലും,ഓപ്പറേഷന്‍ തീയേറ്ററിലും തുടങ്ങി വിവിധ ഭാഗങ്ങളില്‍ ബയോമെഡിക്കല്‍പ്ലാസ്റ്റിക്ഭക്ഷ്യമാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കാനുള്ള ബക്കറ്റുകളും മറ്റും സ്ഥാപിച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. മാലിന്യത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ നിറത്തിലുള്ള ബക്കറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്. മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാനായി രോഗികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും, അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ഇത്തരത്തില്‍ തരംതിരിച്ച് ശേഖരിക്കുന്ന ബയോമെഡിക്കല്‍ മാലിന്യം ഇമേജ് എന്ന സംഘടനവഴി ആശുപത്രിയില്‍ നിന്നും നീക്കം ചെയ്തുവരുന്നുണ്ട്. കൂടാതെ ഭക്ഷ്യമാലിന്യങ്ങള്‍ പന്നികര്‍ഷകരെത്തി ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യം വിവിധ ഏജന്‍സികളുമായി സഹകരിച്ച് നീക്കം ചെയ്യാനുമുള്ള നടപടികളും ആശുപത്രി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സാനിട്ടറി നാപ്കിനുകള്‍ക്കായി നൂറോളം ബക്കറ്റുകള്‍ ടോയിലെറ്റുകളില്‍ സ്ഥാപിക്കുകയും ചെയ്തു.
പേപ്പര്‍മാലിന്യങ്ങള്‍ക്കായി ഇന്‍സിനേറ്റര്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ മലിന ജലം സംസ്‌കരണത്തിനുള്ള പ്ലാന്റും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആശപത്രിയില്‍ മാലിന്യനിക്ഷേപം തടയുന്നതിന്റെ ഭാഗമായി നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങളും, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും ചെയ്തുവരുന്നുണ്ട്.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി ജില്ലാ പഞ്ചായത്തിന്റെ പ്രൊജക്ട് ഫണ്ടില്‍നിന്നുമുള്ള തുകയാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലെ ആശുപത്രി സൂപ്രണ്ട് ഡോ വി ജിതേഷ്, ഡോ സനല്‍ ചോട്ടു, ഡോ മനു, ഡോ ശ്രീലേഖ, ഡോ.റഹീം, ഡോ.ആതിഷ്, ഹെഡ് നേഴ്‌സ് ആനിയമ്മ തുടങ്ങിയവരുടെ പലഘട്ടങ്ങളിലായുള്ള ഇടപെടലും ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ നിസ്സീമമായ സഹകരണവും കൊണ്ടാണ് ഇത്തരത്തിലൊരു നേട്ടത്തിലേക്ക് ആശുപത്രിയെത്തിയത്.
ജില്ലാശുപത്രിക്കുള്ള പുരസ്‌കാരം ജൂണ്‍ 05ന് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്തി പിണറായി വിജയന്‍ വിതരണം ചെയ്യും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍