വയനാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കല്‍പ്പറ്റ:കനത്ത മഴയെ തുടന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. എണ്‍പത്തെട്ടോളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ഇവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. കാവുമന്ദം, കോട്ടത്തറ, വെങ്ങപള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ എന്നിവിടങ്ങളിലായി എട്ട് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ ഒന്നും പനമരം, തിരുനെല്ലി എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഇരുപത്തി നാലുമണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴ 113.33 മില്ലിമീറ്ററാണ്. വൈത്തിരിമേഖലയില്‍ മാത്രം ഇതുവരെ 176.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ 83.2, മാനന്തവാടി 80 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്. ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് പരിസരത്ത് നിന്നുള്ള ദൃശ്യം
ബാണാസുര സാഗര്‍ ജലനിരപ്പ് ഉയര്‍ന്നു
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. അണക്കെട്ടില്‍ ഇതുവരെ 771.9 എം.എസ്.എല്‍ വെള്ളമെത്തി. മഴ കനത്തതോടെ ഓരോ ദിവസവും ഒരുമീറ്ററോളം വെള്ളം അധികമെത്തുകയാണ്. പരാമവധി ശേഖരിക്കാന്‍ പറ്റുന്ന വെള്ളത്തിന്റെ അളവ് 775.6 എം.എസ്.എല്‍ ആണ്. ജലനിരപ്പ് അപ്പോഴേക്കും അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 35 മീറ്ററിലെത്തും. നിലവിലെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് അസിസ്റ്റന്റ്് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മനോഹരന്‍ അറിയിച്ചു. ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നതിനോടൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബീച്ചനഹള്ളി ഡാം ഷട്ടറും തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കാരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 14 മീറ്ററാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതും മുന്‍ക്കാലത്തേക്കാള്‍ റെക്കോര്‍ഡാണ്. കാരപ്പുഴ അണക്കെട്ടിന്റെ സംഭരണശേഷിയുടെ പൂര്‍ണ്ണതോതിലെത്താന്‍ ഇനിയും നാലര മീറ്റര്‍ വെള്ളം കൂടി വേണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍