കുവൈത്തില്‍ കുടുങ്ങിയ സോഫിയ സുരക്ഷിതമായി നാട്ടിലെത്തി ; വേറെയും നേഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

പുല്‍പ്പള്ളി:കുവൈറ്റില്‍ ഏജന്റ് പൂട്ടിയിട്ട പുല്‍പ്പള്ളി സ്വദേശിനി സോഫിയ തിരികെ നാട്ടിലെത്തി.നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിക്കുകയും ഹോം നേഴ്‌സിന്റെ ജോലി നല്‍കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സോഫിയ പ്രശ്‌നമുണ്ടാക്കുകയപ്പോള്‍ ഏജന്റ് സോഫിയയെ കുവൈറ്റിലേക്ക് മാറ്റുകയായിരുന്നു. ഹോം നേഴ്‌സായി ജോലി ചെയ്യണമെന്നുള്ള ആവശ്യം നിരാകരിച്ചതോടെ സോഫിയയെ വീട്ടുതടങ്കലിലാക്കുകയുമായിരുന്നു.തുടര്‍ന്ന് തന്ത്രപൂര്‍വ്വം വീട്ടിലേക്ക് ശബ്ദ സന്ദേശം അയക്കുകയും അത് മാധ്യമ വാര്‍ത്തയാകുകയും ചെയ്തതോടെയാണ് സോഫിയയുടെ മോചനം സാധ്യമായത്. മറ്റ് നാലോളം യുവതികള്‍ സമാന രീതിയില്‍ വീട്ടുതടവില്‍ കഴിയുന്നതായും സോഫിയ പറയുന്നു.വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍ സോഫിയയുടെ ഫോണ്‍ പിടിച്ചെടുക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോഫിയ തന്ത്രപൂര്‍വ്വം മറ്റൊരു ഫോണില്‍ നിന്ന് പൂട്ടിയിട്ട കാര്യം ശബ്ദ സന്ദേശം വഴി അറിയിക്കുകയായിരുന്നു. ജൂണ്‍ 26നു രാവിലെ 11 മണി മുതല്‍ സോഫിയയുടെ ശബ്ദ സന്ദേശം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയായി നല്‍കിയിരുന്നു.
കൂവൈറ്റില്‍ അന്നേ ദിവസം സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഇടപെടലിന് ഈ വാര്‍ത്ത കാരണമായി. തുടര്‍ച്ചയും ആത്മാര്‍ഥവുമായ ഇടപെടലുകളുമായി ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വം, കല്‍പറ്റ എം എല്‍ എയും അദ്ദേഹത്തിന്റെ ആഫീസും,വെല്‍ഫെയര്‍പാര്‍ട്ടിയുടെ കുവൈത്ത് വിഭാഗം, കൂടാതെ കൂവൈത്തിലെ മലയാളി സംഘടനകളും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമമായിരുന്നു സോഫിയയുടെ മോചനത്തിന് കാരണമായത്.
2018 മെയ് 13 ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്ന് അടുത്ത ദിവസം ദൂബൈലേക്കുമായിരുന്നു സോഫിയ ഏജന്‍സി നിര്‍ദ്ദേശ പ്രകാരം ആദ്യം പോയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ട്രാവല്‍സ് ഏജന്റായ രാജേന്ദ്രനും മാവേലിക്കര സ്വദേശി വിശ്വംഭരനും ചേര്‍ന്നാണ് സോഫിയക്ക് വിസ നല്‍കിയതും കോഴിക്കോട് നിന്ന് തിരുവന്തപുരം വഴി ദൂബൈലെത്തിച്ചതും. ദൂബൈയില്‍ ഇസ്മയില്‍ എന്ന ഏജന്റാണ് വിമാനത്താവളത്തില്‍ സോഫിയയെ സ്വീകരിക്കാനെത്തിയത്. നേഴ്‌സിംഗ് ജോലിക്കുള്ള വേരിഫിക്കേഷന്‍ ഏജന്റ് ആയ ഇസ്മയിലിന്റെ ആഫീസില്‍ വെച്ച് നിര്‍വഹിക്കുകയായിരുന്നു. . തുടര്‍ന്ന് ദൂബൈയിലെ അജ്മാനിലുള്ള ലേബര്‍ റിക്‌റൂട്ട്‌മെന്റ് കാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ലേബര്‍ ക്യാമ്പിലെത്തിയപ്പോള്‍ മാത്രമാണ് ജോലി ഹോം നേഴ്‌സിന്റെതാണെന്നും വീട്ടുജോലി നിര്‍വഹിക്കണമെന്നും സോഫിയ അറിയുന്നത്. ഇത് പറ്റില്ലെന്നും നേഴ്‌സിംഗ് ജോലി ചെയ്യുന്നതിനാണ് കഷ്ടപെട്ട് ദൂബൈ വരെ എത്തിയെതെന്നും സോഫിയ ഏജന്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതല്ലാതെ മറ്റൊരു തൊഴിലും ചെയ്യില്ലന്നറിയിച്ചതോടെ ഇസ്മയില്‍ ഹോംനേഴ്‌സിങ് നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.തുടര്‍ന്ന് പത്തോളം സ്ത്രീകള്‍ ഒരുമിച്ചു താമസിക്കുന്ന വീട്ടില്‍ അടച്ചിടുകയും തുടര്‍ച്ചയായി ഹോം നേഴ്‌സിഗിന് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി സോഫിയ പരാതിപ്പെട്ടു.
വീട്ടിലേക്ക് ഫോണ്‍ വിളിക്കണമെന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഏജന്റ് കൂട്ടാക്കിയില്ല. ഫോണ്‍ പിടിച്ചുവെക്കുകയും തനിക്ക് ക്ലിനിക്കില്‍ ജോലി തരില്ലെന്നും തീര്‍ത്ത് പറഞ്ഞതായും സോഫിയ വ്യക്തമാക്കി.. ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് ഏജന്റിനോട് തര്‍ക്കിക്കുയാണുണ്ടായത്.
തുടര്‍ന്ന് വീട്ടില്‍ പോകണമെങ്കില്‍ രണ്ടുലക്ഷം രൂപ വേണമെന്ന് ഏജന്റ് അവശ്യപ്പെട്ടു. അല്ലാതെ നാട്ടിലേക്ക് വിടില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ഇതിനിടെ സോഫിയയെ കൂവൈറ്റിലേക്ക് മാറ്റുന്നതിനുള്ള ശ്രമം ഏജന്റ് നടത്തി. ഇതിനായി ദൂബൈലുള്ള സൂരേഷ് എന്ന കുവൈറ്റ് ഏജന്റിലൂടെ നീക്കം നടത്തി. 2018 ജൂണ്‍ മാസം 11-ാം തീയതിവരെ ദൂബൈലായിരുന്നു സോഫിയ ഉണ്ടായിരുന്നത്. 11ാം തീയതി ദൂബൈയില്‍ നിന്നും കൂവൈത്തിലേക്ക് ഇവര്‍ മാറ്റുകയായിരുന്നു. കൂവൈറ്റില്‍ റാണി(ജ്യോതി) എന്നും ലക്ഷമി എന്നും പേരുള്ള സ്ത്രീകളുടെ കീഴിലുള്ള ഫാഹേലിലെ നാഥല്‍ ഹമാദ് അല്‍ മോവനസ് ഫോര്‍ മാന്‍പവ്വര്‍ എന്ന ഏജന്‍സിയിലേക്ക് സോഫിയയെ മാറ്റുകയാണുണ്ടായത്. അവിടെ അവരുടെ ഏജന്‍സിക്ക് ജനലുകളില്ലാത്ത റൂമുകളായിരുന്നു. അതിനുള്ളില്‍ പൂട്ടിയിട്ടപ്പോള്‍ വീട്ടില്‍ പോണമെന്നും പപ്പക്ക് സുഖമില്ലെന്നും പപ്പയോട് സംസാരിക്കണമെന്നും കരഞ്ഞ് പറഞ്ഞിട്ടും ഏജന്റ് റാണി അനുവദിച്ചില്ലെന്നും സോഫിയ അറിയിച്ചു. ഭാവിയില്‍ നാട് കാണിക്കില്ലെന്നും പറഞ്ഞ് സോഫിയയെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. കൂടാതെ ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. പിന്നീട് കൂവൈത്ത് സ്വദേശിനിയുടെ വീട്ടുജോലിക്കായി നിര്‍ബന്ധമായി പറഞ്ഞയക്കുകയും ചെയ്തു.
ഇതിനിടെ ദുബൈയില്‍ നിന്നും സുരേഷ് എന്ന് വിളിക്കപ്പെടുന്ന ഏജന്റ് കുവൈത്തിലെ ഏജന്‍സിയിലെത്തി. ഈ ജോലി ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഏജന്റ് സുരേഷ് തന്നെ മര്‍ദ്ദിച്ചതായും സോഫിയ പറഞ്ഞു.അവിടെ താമസിപ്പിച്ച എല്ലാവരുടേയും ഫോണ്‍ ഇവര്‍ പിടിച്ചുവെച്ചിരുന്നു എന്നാല്‍ പുതിയതായി എജന്‍സിയിലെത്തിയ ഒരു സ്ത്രീയുടെ ഫോണ്‍ ഭാഗ്യവശാല്‍ സോഫിയക്ക് ലഭിക്കുകയും അതില്‍ നിന്നയച്ച ശബ്ദസന്ദേശമായിരുന്നു രക്ഷപെടാന്‍ സാഹചര്യമൊരുക്കിയത്. അല്‍പ്പം ഭാഗ്യവും അതോടൊപ്പം സോഫിയയുടെ ആത്മധൈര്യവും ചേര്‍ന്ന് സ്വയം രൂപം കൊണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മോചനം സാധ്യമായത്.
സംഭവം വിവാദമായതോടെ കുവൈത്തില്‍ നിന്നും ദോഹ വഴി അഹമ്മദാബാദിലേക്കാണ് അവര്‍ സോഫിയയക്ക് ടിക്കറ്റ് നല്‍കിയത്. മടങ്ങുമ്പോള്‍ ഫോണ്‍ പോലും അവര്‍ നല്‍കിയില്ല. കഴിഞ്ഞ ദിവസം രാവിലെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ അടിയന്തര സുരക്ഷ നല്‍കിയത് വയനാട് എം പി എം ഐ ഷാനവാസും അദ്ദേഹത്തിന്റെ സഹപപ്രവര്‍ത്തകരുമായിരുന്നുവെന്ന് സോഫിയ അറിയിച്ചു.
കുവൈത്തില്‍നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ വീടുമായി ബന്ധപ്പെടാന്‍ സഹായിച്ച എല്ലാ സഹയാത്രക്കാര്‍ക്കും, സോഫിയയെ രക്ഷിച്ചെടുത്ത പേരുപോലും അറിയാത്ത വ്യക്തികള്‍ പ്രസ്ഥാനങ്ങള്‍ എന്നിവയോട് തങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയുക്കുന്നതായി സോഫിയയുടെ ബന്ധുക്കള്‍ പറഞ്ഞു.
സോഫിയൊടൊപ്പം താമസിച്ചിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇവരുടെ കൈകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെല്‍ നടത്തണമെന്നും ഇടനിലക്കാരായി നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സോഫിയയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍