നാല് പതിറ്റാണ്ടുമുമ്പ് ആരംഭിച്ച നിയമയുദ്ധം: സമരങ്ങള്‍ക്ക് ഒന്നര പതിറ്റാണ്ടിലേറെ പഴക്കം

കല്‍പ്പറ്റ: അവകാശപ്പെട്ട കൃഷിഭൂമിക്കായി കാഞ്ഞിരത്തിനാല്‍ കുടുംബം 42 വര്‍ഷം മുമ്പ് ആരംഭിച്ച നിയമയുദ്ധത്തിനു ഇന്നും പര്യവസാനമായിട്ടില്ല. 1976ല്‍ വനം വകുപ്പ് അവകാശവാദം ഉന്നയിക്കുകയും 1977ലെ നിക്ഷിപ്ത വനഭൂമി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതെന്നു പറഞ്ഞു പിടിച്ചെടുക്കുയും ചെയ്തിനു പിന്നാലെ തുടങ്ങിയതാണ് വ്യവഹാരം. ഒടുവിലത് സൂപ്രീം കോടതിവരെ എത്തിനില്‍ക്കുകയാണ്. ഭൂമിക്കേസില്‍ തങ്ങള്‍ക്കെതിരായ ഹൈക്കോടതി വിധിക്കെതിരെ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയുമായ പി.സി. തോമസ് മുഖേനയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം സൂപ്രീം കോടതിയെ സമീപിച്ചത്. പ്രാഥമിക വാദംകേട്ട സൂപ്രീംകോടതി ഹരജി ഫയലില്‍ സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയായിട്ടില്ല.
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു 2009ല്‍ കോഴിക്കോട് പോലീസ് വിജിലന്‍സ് സൂപ്രണ്ട് ശ്രീശുകനും 2016ല്‍ മാനന്തവാടി സബ്കളക്ടര്‍ ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമക്കിയതാണ്. ഈ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കാതിരിക്കെയായിരുന്നു ഭൂമിക്കേസില്‍ ഹൈക്കോടതി വിധി.
ഭൂമിക്കേസില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായിരുന്നു ഫോറസ്റ്റ് െ്രെടബ്യൂണലിന്റെ 1978 നവംബര്‍ ആറിലെ വിധി. ഇതിനെതിരെ വനം വകുപ്പ് അപ്പീല്‍ നല്‍കുകയാണുണ്ടായത്. പിന്നീടു നടന്ന വ്യവഹാരങ്ങളില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്നത് 1977ല്‍ വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഭാഗമാണെന്ന വനം വകുപ്പിന്റെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്. പ്രക്ഷോഭങ്ങള്‍ക്കും ജനകീയ സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി തിരിച്ചുനല്‍കി 2007 മെയ് മൂന്നിനു അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും വ്യവഹാരത്തില്‍പ്പെട്ടു. ഇതിനിടെ 2013ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി നിക്ഷിപ്തവനഭൂമിയായി വനം വകുപ്പ് വിജ്ഞാപനം ചെയ്തു. 1977 ലെ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സ്ഥലമെങ്കില്‍ 2013ല്‍ വീണ്ടും എന്തിനു വിജ്ഞാപനം ചെയ്തുവെന്ന സാമാന്യജനത്തിന്റെ സംശയം ഇന്നും നിലനില്‍ക്കുകയാണ്.
ഭൂമി തിരികെ കിട്ടുന്നതിനായി കാഞ്ഞിരത്തിനാല്‍ ജോര്‍ജും കുടുംബവും കളക്ടറേറ്റ് പടിക്കല്‍ ആദ്യമായ സമരം ആരംഭിക്കുന്നത് 2005 നവംബര്‍ 11നാണ്. അതിനുശേഷമുള്ള സംഭവ വികാസങ്ങള്‍ ഇങ്ങനെ(ഹരിതസേന തയാറാക്കിയത്):
2005 ഡിസംബര്‍ നാല്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
2005 ഡിസംബര്‍ 15: ഭൂമി തിരികെ നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് കര്‍ഷക സംഘം നേതാവുമായ പി.കൃഷ്ണപ്രസാദ് എംഎല്‍എ ജോര്‍ജിനെ അറിയിക്കുന്നു. സമരം അവസാനിപ്പിക്കുന്നു.
2006 മെയ് 18: വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നു.
2007 നവംബര്‍ മൂന്ന്: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു.
2008 ജൂണ്‍ 14: കാഞ്ഞിരത്തിനാല്‍ കുടുംബത്തെ വനം വകുപ്പ് കുടിയൊഴിപ്പിക്കുന്നു.
2009 മെയ് അഞ്ച്: ഭൂനികുതി സ്വീകരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുന്നു.
2009 നവംബര്‍ രണ്ട്: വനം ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന, ജോര്‍ജിന്റെ ഭാര്യ ഏലിക്കുട്ടിയുടെ മരണം.
2011 മെയ് 18: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നു.
2011 ഓഗസ്റ്റ് 25 വിജിലന്‍സ് എസ്പി ശ്രീശുകന്റെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വനം ഉദ്യോഗസ്ഥനെതിരായ നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു.
2012 ഡിസംബര്‍ 13: അനാഥാലയത്തില്‍ ജോര്‍ജിന്റെ മരണം.
2015 ഓഗസ്റ്റ് 15: ജോര്‍ജിന്റെ മകള്‍ ട്രീസയു കുടുംബവും കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നു.
2016 ഫെബ്രുവരി 20: അമികസ്‌ക്യൂറി മുഖേന പ്രശ്‌നപരിഹാരത്തിനു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കുന്നു.
2016 നവംബര്‍ 11: സബ് കളക്ടര്‍ വി. സാംബശിവറാവു അധ്യക്ഷനായി സമിതി സര്‍ക്കാരിനു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
2016 ഡിസംബര്‍ ഏഴ്: ഭൂമിക്കേസില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു എതിരായ ഹൈക്കോടതി വിധി. 2017 സെപ്റ്റംബര്‍ 27: കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ അഡ്വ.പി.സി. തോമസ് സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു എതിരായ വിധി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍