OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടിയാന്‍ നമ്മോട് പറയുന്നത്

  • OPEN ARTS
08 Jul 2017

 ആരാണ് ടിയാന്‍? അഥവാ ഓരോ സ്ഥാവര, ജംഗമങ്ങളുടെയും അവകാശം വഹിക്കുന്നയാള്‍. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതികള്‍ ശിരസ്സാവഹിക്കുന്ന ഒരു ഉത്തരേന്ത്യന്‍ ഭൂമികയിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബ്രാഹ്മണ ടിയാന്റെ കഥയാണ് നടനും അഭിനേതാവുമായ മുരളി ഗോപിയുടെ 'ടിയാന്‍' പറയുന്നത്. ആദി ശങ്കരന്റെ തലമുറയിലെ കണ്ണിയായ അദ്വൈത വേദാന്ത പണ്ഡിതനായ പട്ടാഭിരാമഗിരി (ഇന്ദ്രജിത്ത്)യുടെ മണ്ണിനുവേണ്ടിയുള്ള പോരാട്ടം സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിന് അനുകൂലമായി സിനിമയുടെ കാന്‍വാസിലെത്തിച്ചിട്ടുണ്ട് സംവിധായകന്‍ ജിയേന്‍ കൃഷ്ണകുമാര്‍. മുരളീഗോപി എന്ന തിരക്കഥാകൃത്തിന്റെ സാമര്‍ത്ഥ്യവും ചിത്രത്തിന്റെ തിരക്കഥയെ നിലവിലെ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാക്കി.

ടിയാന്‍ മലയാളിയാണെങ്കിലും അദ്ദേഹത്തിന്റെ ഭൂമി ഉത്തരേന്ത്യയിലാണ്. അദ്വൈത വേദാന്ത ചിന്തകനും ജാതിവ്യവസ്ഥയ്ക്ക് സൈദ്ധാന്തിക മാനവും നല്‍കിയ ആദി ശങ്കരന്‍ എത്തിപ്പെട്ട ഉത്തരേന്ത്യന്‍ ഭൂമികയില്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തിലുള്ള വ്യക്തിയാണ് പട്ടാഭിരാമഗിരി. സംസ്‌കൃത പണ്ഡിതനായ അദ്ദേഹം അന്നാട്ടിലെ ജനങ്ങള്‍ ആരാധിക്കുന്ന ഒരാളാണ്. മലയാളികളും പാവപ്പെട്ടവരും ഇതരജാതിക്കാരുമായി പട്ടാഭിരാമന്റെ വീടീനുചുറ്റും ജീവിക്കുന്നവരെല്ലാം അയാളുടെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലുമാണ് കഴിയുന്നത്. മഹാശയ ഭഗവാന്‍ (മുരളി ഗോപി) എന്ന ആള്‍ദൈവത്തിന്റെ ആശ്രമനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിലാണ് കഥകളുടെ ചുരുളഴിയുന്നത്. മുസ്ലിം വിരോധികളായ ആശ്രമപ്രവര്‍ത്തകര്‍ക്ക് ഒരു ഘട്ടത്തില്‍ പട്ടാഭിരാമഗിരിയും അവരുടെ ശത്രുവായി മാറുന്നു. എന്നാല്‍ ഒരു ബ്രാഹ്മണനായ അയാളെ ആയുധം കൊണ്ട് എതിര്‍ക്കാന്‍ എതിര്‍പക്ഷം ആദ്യം മടിക്കുന്നു. അസ്ലന്‍ മുഹമ്മദ് (പൃഥ്വിരാജ്) എന്ന മുംബയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍ പട്ടാഭിരാമഗിരിയുമായി ചേര്‍ന്ന് മഹാശയ ഭഗവാന്‍ എന്ന അധര്‍മ്മത്തെ അതിജീവിക്കുന്ന കഥയാണ് ടിയാന്‍ പറയുന്നത്.

 

നിറഞ്ഞു കവിഞ്ഞ് രണ്ടര മണിക്കൂറിലധികം ദൈര്‍ഘ്യമെടുത്തെങ്കിലും ടിയാനു മുന്നില്‍ പ്രേക്ഷകര്‍ ഇരിക്കാന്‍ കാരണങ്ങളേറെയാണ്. സമ്പന്നമായ ഫ്രെയിമുകള്‍ 2010 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ മുതല്‍ ടിയാന്‍ വരെ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം വലിയ കൈയടി അര്‍ഹിക്കുന്നു. കൂടാതെ നാസിക്, പൂനെ, ബദരിനാഥ്, മണാലി തുടങ്ങിയ പ്രധാന ലൊക്കേഷനുകളുടെയെല്ലാം കാഴ്ച പ്രേക്ഷകനിലെത്തിച്ചിട്ടുണ്ട് എന്നതിനോടൊപ്പം അക്രമകാരികളും തിന്മയുടെ മൊത്തക്കച്ചവടക്കാരുമായ മുസ്ലീങ്ങള്‍ പൂണ്ടുവിളയാടുന്ന മുംബൈ കാണിച്ചു അതിലെ അതിസൂക്ഷ്മ ചെറുന്യൂനപക്ഷം നന്മയുടെ പക്ഷത്തായി കാണിച്ചും നാളിതുവരെ നിര്‍മ്മിച്ചെടുത്ത പൊതുബോധ (ഇസ്ലാമോഫോബിയ) ഭാവനകളെ ഒന്നുകൂടി പുഷ്ടിപ്പെടുത്തി നിര്‍വൃതി അടയാനും അതില്‍നിന്ന് കൈയ്യടിപ്പിക്കാനുമുള്ള ശ്രമം സിനിമ നടത്തി. സ്ഥിരം കാണുന്ന വര്‍ണ വൈവിദ്ധ്യങ്ങളെ മാറ്റിനിര്‍ത്തി കഥാപരിസരത്തിന് അനുകൂലമായി ഫ്രെയിമുകള്‍ ചേര്‍ത്തുവച്ചപ്പോള്‍ കാഴ്ചക്കാരെ ചിത്രം തീയേറ്ററില്‍ ഇരുപ്പിച്ചു.

 

അസുരന്മാര്‍, ദേവന്മാര്‍, ബ്രാഹ്മണര്‍, ബ്രാഹ്മന്ന്യത്തെ വണങ്ങുന്ന ദലിതര്‍, സ്ത്രീകളെ മാനഭംഗപെടുത്തുന്ന നീചന്മാരും അക്രമകാരികളുമായ മുസ്ലീങ്ങള്‍, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കപ്പുറം യാതൊരു ദുഷ്ടലാക്കുമില്ലാത്ത ആള്‍ ദൈവങ്ങള്‍ അവരുടെ കാലുനക്കുന്ന നിഷ്‌കളങ്കരായ രാഷ്ട്രീയക്കാര്‍ തുടങ്ങിയ മൃദുഹിന്ദുത്വ സങ്കല്‍പ്പത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും ഈ സിനിമയില്‍ ഉണ്ട്. ഇന്ത്യയുടെ പൈതൃകം സനാതന ബ്രാഹ്മണ്യം ആണെന്നും, ആ ബ്രാഹ്മണ്യത്തെ തടവിലാക്കിയ അസുരശക്തികള്‍ ആണ് ബ്രാഹ്മണരേയും ദലിതരേയും ശത്രുക്കള്‍ ആക്കിയതെന്നും അവര്‍ക്കിടയില്‍ യോജിച്ചു പോകാവുന്ന നിരവധി മേഖലകള്‍ ഉണ്ടെന്നുമുള്ള യുക്തിഹീനത യാതൊരുളുപ്പുമില്ലാതെ സിനിമ പറയുന്നു. തന്നെ കീഴാളതയിലേക്ക് തള്ളിമാറ്റിയ, പുട്ടിന് പീര ഇടുന്നതുപോലെ മുക്കിന് മുക്കിന് താന്‍ ബ്രാഹ്മണനാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പട്ടാഭിരാമഗിരിയെ കല്ലെറിയാന്‍ ദളിത് ബാലനോട് പറയുകയും എറിയാതിരിക്കുകയും ചെയ്യുന്ന രംഗത്തിലൂടെ സംഘപരിവാര്‍ മുന്‍പോട്ടുവെക്കുന്ന ലംബമാനമായി ജാതികളെ കോര്‍ത്തിണക്കി അതില്‍നിന്ന് മുസ്ലീം ജനവിഭാഗത്തെ വകഞ്ഞുമാറ്റി അപരമാക്കി പ്രതിഷ്ഠിക്കുവാനുള്ള സ്‌പേസ് സിനിമ വിജയകരമായി നിര്‍മ്മിച്ചു. സിനിമ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ പ്രതിലോമത വര്‍ത്തമാനകാല ഇന്ത്യയിലെ ബ്രാഹ്മണ്യാധികാരത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റത്തെ തിരസ്‌കരിക്കുകയും ബ്രാഹ്മണരേയും ബ്രാഹ്മണണ്യത്തേയും നീതീകരിക്കുകയും ചെയ്യുന്നു എന്നതാണ്. യഥാര്‍ത്ഥ ബ്രാഹ്മണന്‍ അഹിംസാവാദിയും ദലിത് സ്‌നേഹിയും ജ്ഞാനത്തിന്റെ ചില്ലറകച്ചവടക്കാരനും ആണെന്നാണ് മുരളി ഗോപി പറയുന്നത്. സനാതന ബ്രാഹ്മണനിലൂടെയാണ് ഇന്ത്യയില്‍ ഹിന്ദു മുസ്ലീം ഐക്യം ഉണ്ടാകേണ്ടതും, ദലിത് വിമോചനം സാധ്യമാക്കേണ്ടതുമെന്ന് സിനിമ ഉറക്കെ പറയുന്നു. സനാതന ബ്രാഹ്മണരെ വണങ്ങുന്നതിലൂടെ, ആദരിക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് രക്ഷപ്പെടാന്‍ കഴിയൂ എന്നാണ് ടിയാന്‍ നമുക്ക് നല്‍കുന്ന പാഠം. സനാതന ബ്രാഹ്മണന്‍ ജാതിവാദിയോ, ദലിത് വിരുദ്ധനോ, മുസ്ലീം വിരുദ്ധനോ ആയിരുന്നില്ല എന്ന് മുരളീ ഗോപിയുടെ തിരക്കഥ പറയുമ്പോള്‍ ചരിത്രയാഥാര്‍ഥ്യങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.

 

ഇന്ത്യയുടെ സന്യാസ പാരമ്പര്യം തിരിച്ചുപിടിക്കണം, സന്യാസിയും ബ്രാഹ്മണനും, ഭരണാധികാരിയും ഒന്നിക്കുന്ന നവ ഇന്ത്യയില്‍ മുസ്ലീമും ദലിതനും ബ്രാഹ്മണ്യത്തെ ശത്രുക്കള്‍ ആയി കാണേണ്ടതില്ല, മറിച്ച് അവര്‍ ഭാരതസൃഷ്ടിക്കായി ബ്രാഹ്മണരുമായി ഒന്നിക്കണം എന്നാണ് സിനിമ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യന്‍ ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ അധികാരവര്‍ഗവും മാധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന എല്ലാ രീതികളും തന്നെയാണ് ടിയാനിലും മുരളീഗോപി ഉപയോഗിച്ചിരിക്കുന്നത്. ദേശീയത, മതം, മലയാളം എന്നിവയെല്ലാം ആവശ്യത്തിന് ചേര്‍ത്തിട്ടുണ്ട് ടിയാനില്‍. തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ പോരാട്ടത്തിനായി ഹിന്ദുവിനെയും പ്രാസം ഒപ്പിക്കാന്‍ മുസ്ലിമിനെയും ചേര്‍ത്തു നിര്‍ത്തുന്നതോടൊപ്പം മലയാളികളുടെ കൈയടിയ്ക്കും കേരളീയ വികാരമുണര്‍ത്താനുമായി ഹിന്ദിയുടെ മണ്ണില്‍ ഒറ്റപ്പെടുന്ന മലയാളത്തിന്റെ ദൈന്യതയും ചിത്രം പറയുന്നുണ്ട്. സംഭവങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് ഉത്തരേന്ത്യന്‍ മണ്ണാണെങ്കിലും മലയാളി പ്രേക്ഷകന് ആത്മകഥാംശം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രം കണ്ടിരിക്കാം.

 

സഹോദരതാരങ്ങളായ

പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പുറമെ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും ടിയാനിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചു. പട്ടാഭിരാമഗിരിയുടെ ഭാര്യ അംബയായി അനന്യ, വസുന്ധര ദേവിയെന്ന സന്യാസിനിയായി പദ്മപ്രിയ, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, രാഹുല്‍ മാധവ്, അമിത് തിവാരി, പാരിസ് ലക്ഷ്മി തുടങ്ങിയവരെല്ലാം മികച്ച അഭിനയം കൊണ്ട് മുന്നിട്ടു നിന്നു.

 

വരണ്ട ഉത്തരേന്ത്യന്‍ ഭൂമിയുടെ മനോഹാരിത ഒപ്പിയ ഫ്രെയിമുകള്‍ക്കൊപ്പം ഗോപീസുന്ദറിന്റെ സംഗീതം ആകര്‍ഷിച്ചു. മുരളീ ഗോപിയുടെയും വിജയ് യേശുദാസിന്റെയും ശബ്ദം ടിയാന്റെ സംഗീതത്തെ ഹൃദ്യമാക്കി.

 

ഈ ഭൂമിയുടെ ഉടമ ആരാണ്, അല്ലെങ്കില്‍ ആരാവണം? അധികാരം ആരുടെ കൈകളിലെത്തണം? കൈകൂപ്പി നില്‍ക്കേണ്ടവര്‍ ആരൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ബ്രാഹ്മണിസം കലര്‍ത്തിയ ദൈവനാമത്തില്‍ ഉത്തരം നല്‍കാനും ടിയാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ചില വ്യവസ്ഥിതികള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണോ എന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടായാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

 

ലേഖകന്‍: അരവിന്ദ് എം.എസ് (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ക്യാമ്പസ്സിലെ ഗ്രാമീണ ഗോത്രവര്‍ഗ്ഗ സമൂഹശാസ്ത്ര പഠനവകുപ്പില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി)

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show