വിളരോഗങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്തണം: ജില്ലാ കാര്‍ഷിക വികസന സമിതി യോഗം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഇഞ്ചി, നെല്ല്, കവുങ്ങ് തുടങ്ങിയ വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ പരിശോധിച്ച് അവയ്ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ കണ്ടെത്താനും കര്‍ഷകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മലങ്കര ലിഫ്റ്റ് ഇറിഗെഷന്‍ പദ്ധതിയുടെ പോരായ്മകളെക്കുറിച്ച് പരിശോധന നടത്തണമെന്നും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ കാര്‍ഷിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് സംഷാദ് മരക്കാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയിലെ അടിസ്ഥാനതലം മുതലുള്ള എല്ലാ പ്രശ്‌നങ്ങളും വിശദമായി പരിശോധിച്ച് പരിഹാര മാര്‍ഗങ്ങള്‍ രൂപപ്പെടുത്തണമെന്നും, അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉപയോഗശൂന്യമായ കൃഷിഭൂമിയുടെ കണക്ക് അടിയന്തരമായി ശേഖരിക്കാനും അവിടങ്ങളില്‍ നിന്ന് അവശിഷ്ടം നീക്കം ചെയ്ത് വീണ്ടും കൃഷിയോഗ്യമാക്കി കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം ആവശ്യപ്പെട്ടു. നിലവില്‍ കണിയാമ്പറ്റ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കേര ഗ്രാമം പദ്ധതി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടര്‍ സ്ഥലത്തു കൂടി ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കാര്‍ഷിക വികസന സമിതിയുടെ ഇടപെടലിലൂടെ കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ കൃത്യസമയത്ത് വിതരണം ചെയ്യാനും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സിറ്റിങ് നേരിട്ട് നടത്താനും സാധിച്ചതായി യോഗം വിലയിരുത്തി.
കേര പദ്ധതിയില്‍ കാപ്പി കൃഷി വര്‍ദ്ധന ഘടകം ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി സമിതി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഉഷ തമ്പി, എ.ഡി.എം കെ ദേവകി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും ജില്ലാ കാര്‍ഷിക വികസന സമിതി കണ്‍വീനറുമായ രാജി വര്‍ഗീസ്, കൃഷിഅനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
