മൂന്ന് പ്ലസ് വണ്‍ അലോട്ട്മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
വയനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ള വയനാട്ടില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം മൂലം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധി നേരിടുന്നതായി വിവിധ ആദിവാസി സംഘടനകളും രക്ഷിതാക്കളും ആരോപിക്കുന്നു. ഈ വര്‍ഷം മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായിട്ടും നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
2014 മുതല്‍ ഓരോ വര്‍ഷവും രണ്ടായിരത്തിലധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി വിജയിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 800ല്‍ താഴെയാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓരോ വര്‍ഷവും അലോട്ട്മെന്റുകള്‍ക്ക് പുറത്താകുന്ന സാഹചര്യമാണുള്ളത്.
സാധാരണയായി അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായി ക്ലാസുകള്‍ ആരംഭിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞ ശേഷമാണ് സീറ്റ് ലഭിക്കാതെ പോയ ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രശ്നം വീണ്ടും ഉയരുന്നത്. തുടര്‍ന്ന് സ്പോട്ട് അഡ്മിഷന് വഴിയാണ് പ്രവേശനം നല്‍കുന്നത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ലെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു.
വൈകി പ്രവേശനം ലഭിക്കുന്നതിനാല്‍ ആദ്യഘട്ട ക്ലാസുകള്‍, പഠനക്കുറിപ്പുകള്‍, പ്രോജക്ടുകള്‍, അസൈന്മെന്റുകള് എന്നിവ നഷ്ടമാകുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഇതുമൂലം ചിലര്‍ പഠനത്തില്‍ പിന്നാക്കം പോകുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അടിയ, പണിയ, കാട്ടുനായക, ഊരാളി, വെട്ടുകുറുമ, തച്ചനാടന്‍ മൂപ്പന് തുടങ്ങിയ അതിദുര്‍ബല പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും പരാതിയുണ്ട്.
വയനാട്ടിലെ എസ്.ടി. സംവരണ മണ്ഡലങ്ങളായ മാനന്തവാടിയിലെയും ബത്തേരിയിലെയും ജനപ്രതിനിധികള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ജില്ലയിലെ ആവശ്യത്തിനനുസരിച്ച് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുക, ആവശ്യമായിടത്ത് സ്ഥിരം സ്പെഷ്യല്‍ ബാച്ചുകള്‍ അനുവദിക്കുക, സ്പോട്ട് അഡ്മിഷന് രീതി അവസാനിപ്പിക്കുക, അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ എല്ലാ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം ഉറപ്പാക്കുക എന്നിവയും സംഘടനകളുടെ പ്രധാന ആവശ്യങ്ങളാണ്.
വര്‍ഷങ്ങളായി നിവേദനങ്ങളും കത്തുകളും ഇമെയിലുകളും നല്‍കിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ട് വിഷയത്തിന് സ്ഥിരം പരിഹാരം കാണണമെന്നും ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
