സ്‌കൂള്‍ അവധി പകര്‍ച്ചവ്യാധി പ്രതിരോധത്തിന്
വയനാട് ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത് രോഗവ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയായതിനാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോഗ്യ വകുപ്പിന്റെ രോഗ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ സമയത്ത് കുട്ടികളെയും കൊണ്ട് അനാവശ്യ യാത്രകള്‍ നടത്തുന്നതും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതും ബന്ധുവീടുകളില്‍ പോകുന്നതും രക്ഷിതാക്കള്‍ ഒഴിവാക്കണം. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണം.
രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൂട്ടംകൂടിയുള്ള കളികള്‍ ഒഴിവാക്കുക. അവധി ലഭിച്ച സാഹചര്യത്തില്‍ കുട്ടികള്‍ അയല്‍പക്കങ്ങളിലെ മറ്റ് കുട്ടികളുമായി ചേര്‍ന്ന് കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ സമ്പര്‍ക്കം കുറയ്ക്കാനാണിത്. വീട്ടില്‍ കുടിക്കാന്‍ എപ്പോഴും നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്.
ഭക്ഷണത്തിന് മുന്‍പും, ശൗചാലയം ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നാലും കുട്ടികളെക്കൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകിക്കുക. കുട്ടികള്‍ ചലനാത്മക സ്വഭാവമുള്ളവരായതിനാല്‍ പല സ്ഥലത്തും അശ്രദ്ധമായി സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകിപ്പിക്കണം. പുറംഭക്ഷണങ്ങള്‍ ഒഴിവാക്കുക. പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, തുറന്നുവെച്ച പലഹാരങ്ങള്‍ , ഉപ്പിലിട്ട വിഭവങ്ങള്‍ എന്നിവ ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ചൂടുള്ള ആഹാരം മാത്രം കഴിക്കുക.
കുട്ടികള്‍ക്ക് പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയുണ്ടോ എന്ന് രക്ഷിതാക്കള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകിക്കാതെ ഡോക്ടറെ കാണിക്കുക. കുട്ടികള്‍ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം ഈ നിര്‍ദ്ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
