മുണ്ടക്കൈ ദുരന്തം: മൈക്രോ പ്ലാനില്‍ ഫേസ് വണ്ണിലെ എല്ലാവരെയും ഉള്‍പ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നല്‍കും: മന്ത്രി ടി. സിദ്ദീഖ്
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭക പദ്ധതിയായ മൈക്രോ പ്ലാനില്‍ ഫേസ് വണ്ണിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ഗുണഭോക്താക്കള്‍ക്കുള്ള തുക രണ്ട് ലക്ഷമായി വര്‍ദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഫേസ് വണ്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വീട്ടുകൂടല്‍ ചടങ്ങില്‍ ഗുണഭോക്താക്കളുടെ പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.
മുണ്ടക്കൈ ചുരല്‍മല ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ഒന്നായിരുന്നു മൈക്രോ പ്ലാന്‍. പദ്ധതി പ്രഖ്യാപിച്ചതോടെ പരാതികളുമായി നിരവധി കുടുംബങ്ങള്‍ രംഗത്തുവന്നിരുന്നു. മൈക്രോ പ്ലാനില്‍പ്പെട്ട പലര്‍ക്കും പണം ലഭിച്ചതുമില്ല. ഇത് പലവിധ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗുണഭോക്താക്കള്‍ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇപ്പോള്‍ താമസം തുടങ്ങിയവര്‍ക്ക് മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനം ഇല്ലെന്നും അവര്‍ പരാതിയുന്നയിച്ചു.
മുണ്ടക്കൈചൂരല്‍മല പുനരാധിവാസ പദ്ധതിയുടെ ഭാഗമായി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറികിട്ടിയ 178 ഗുണഭോക്താക്കള്‍ അംഗങ്ങളായതാണ് ഫെയ്‌സ് വണ്‍ കൂട്ടായ്മ. ഇതിനോടകം ഇവരില്‍ കുറച്ചു കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ള കുടുംബങ്ങള്‍ ഇന്നലെയും ഇന്നും നാളെയുമായാണ് വാടക വീടുകളില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ഇതിന്റെ ഭാഗമായാണ് ഫെയ്‌സ് വണ്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട്ടുകൂടല്‍ നടത്തിയത്.
പരിപാടി കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് വണ്‍ കൂട്ടായ്മ കണ്‍വീനര്‍ രമേശന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ , കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു ദുരന്തം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം മുതല്‍ പുനരധിവാസം വരെയുള്ള കാര്യങ്ങളുമായി സഹകരിച്ച എല്ലാവര്‍ക്കും ദുരന്തബാധിതര്‍ നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
