പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ലഹരി നല്‍കിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ, നെല്ലിമാളം, കല്ലറ വീട്ടില്‍, മിഥുന്‍ ദാസ് (22) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണ കുമാര്‍ 27 വര്‍ഷവും 9 മാസവും തടവിനും 77000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലര്‍ത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. ഇയാള്‍ കല്‍പ്പറ്റ, ബത്തേരി, കരിയിലകുളങ്ങര സ്‌റ്റേഷനുകളിലായി അഞ്ചോളം കേസുകളില്‍ പ്രതിയാണ്. അന്നത്തെ കല്‍പ്പറ്റ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസ് രെജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും പിന്നീട് ട്രാന്‍സ്ഫര്‍ ആയി വന്ന ബി.കെ സിജു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. എ.എസ്.ഐ കെ. റസാഖ്, സിവില്‍ പോലീസ് ഓഫീസര്‍ ജുനൈദ് എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
