സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോര്‍ഡാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരുത്തപ്പെട്ടത്.
ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. വൈകുന്നേരത്തെ ആവശ്യകതയും റെക്കോര്‍ഡില്‍ എത്തി. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാ വാട്ട്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപയോഗമായ 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 2026 ഏപ്രില്‍ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത. ഇത് രണ്ടും ഇന്നലെ മറികടന്നു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രതിദിനം എട്ട് ദശലക്ഷം യൂണിറ്റിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ചൂട് വര്‍ധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുനിന്ന് വന്‍തോതില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സര്‍ചാര്‍ജില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
വൈദ്യുതി വിതരണത്തില്‍ തടസങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകള്‍ അണയ്ക്കാനും, മോട്ടോര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
