വോട്ടവകാശം വിനിയോഗിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ചേക്കു; ജനാധിപത്യത്തിന്റെ കരുത്തായി വെള്ളമുണ്ട സ്വദേശി
മാനന്തവാടി: രോഗാവസ്ഥയും ശ്വാസതടസ്സവും വകവെക്കാതെ, ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താനായി ആംബുലന്‍സില്‍ ബൂത്തിലേക്ക്. 72കാരനായ വെള്ളമുണ്ട തച്ചയില്‍ ചേക്കു (72) ആണ് ജനാധിപത്യത്തിന് മാതൃകയായത്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ആംബുലന്‍സില്‍ വെള്ളമുണ്ടയിലെ പോളിങ് ബൂത്തിലെത്തിലേക്ക് വോട്ട് രേഖപ്പെടുത്താനായി മകളോടൊപ്പം ചേക്കു പുറപ്പെട്ടത്.ശ്വാസതടസ്സം മൂലം അഞ്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ തന്റെ അവകാശം വിനിയോഗിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ബൂത്തിലേക്ക് പുറപ്പെടുകയായിരുന്നു.അസുഖത്തിന്റെ അവശതകള്‍ക്കിടയിലും വോട്ട് ചെയ്യണമെന്ന ചേക്കുവിന്റെ താല്‍പര്യം കണ്ടുനിന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആവേശമാകുകയാണ്. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു വെള്ളമുണ്ട സ്വദേശിയായ ഈ വയോധികന്റെ പോരാട്ടവീര്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
