സൈബര്‍ തട്ടിപ്പ്: മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ ് പ്രതി പിടിയില്‍
കല്‍പ്പറ്റ: OLX വഴി മൊബൈല്‍ ഫോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബര്‍ പൊലീസ് പിടികൂടി. ബത്തേരി, മാടക്കര സ്വദേശിയായ ഫാസില്‍(30)നെയാണ് വയനാട് ജില്ലാ സൈബര്‍ പോലീസ് മുക്കത്ത് നിന്നും ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. 2022 ല്‍ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരം പൊലീസ് കേസ് എടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വരുകയുമായിരുന്നു. ഒടുവില്‍ മുക്കത്തെ ഒരു വാടക വീട്ടില്‍ കഴിയുമ്പോഴാണ് പിടി വീണത്. OLX വഴി മൊബൈല്‍ വില്‍പ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തില്‍ പെട്ട മറ്റു രണ്ടു പേരെ മുമ്പ് പോലീസ് പിടികൂടിയിരുന്നു.
2022 ഓഗസ്റ്റ് മാസത്തിലാണ് OLXവഴി വിലകുറച്ചു ഐഫോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് പിണങ്ങോട് സ്വദേശിയില്‍ നിന്നും ഇയാള്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരന്‍ പണം നല്‍കാതെ ഒഴിഞ്ഞു മാറി. എന്നാല്‍, പിന്നീട് ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. പിന്നീട് മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തിരഞ്ഞു എത്തിയപ്പോഴാണ് തന്റെ തിരിച്ചറിയല്‍ രേഖകള്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയുന്നതായി പരാതിക്കാരന് മനസ്സിലായത്. തുടര്‍ന്നാണ് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ ഷജു ജോസഫ്, സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍മാരായ ആയിഷ, അബ്ദുല്‍ സലാം സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധീഷ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
