വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ പുരസ്‌കാര നിറവില്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ, ആര്‍ദ്രകേരളം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി വയനാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്‍പ പുരസ്‌ക്കാരത്തിലെ രണ്ടാം സ്ഥാനം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2022-23 വര്‍ഷത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തും 2023-24 വര്‍ഷത്തില്‍ എടവക പഞ്ചായത്തുമാണ് സ്വന്തമാക്കിയത്.
91 ശതമാനം മാര്‍ക്ക് നേടിയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പുനലൂര്‍ താലൂക്ക് ആശുപത്രിക്കൊപ്പം കായകല്‍പ പുരസ്‌കാരത്തിലെ രണ്ടാം സ്ഥാനം പങ്കിട്ടത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട്ശ്രീജ പള്ളിക്കര എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ പുരസ്‌കാരനിറവില്‍ എത്തിച്ചത്.
മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് തുടര്‍ച്ചയായി രണ്ടാം തവണയും കായകല്‍പ്പക കമ്മന്റേഷന്‍ പുരസ്‌കാരം ലഭിച്ചു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രവും വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രവും കായകല്‍പ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മികച്ച പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കായകല്‍പ അവാര്‍ഡ് നല്‍കുന്നത്. ഓരോ ആശുപത്രികളിലും ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയ ശേഷം സംസ്ഥാനതല കമ്മിറ്റിയാണ് മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.
ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് 202324 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷിനൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന പ്രേമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, ആരോഗ്യ പ്രവര്‍ത്തകരായ സനില്‍, രശ്മി, അനീറ്റ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
202324 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം എടവക പഞ്ചായത്തിനാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് അലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റെജി വടക്കയില്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യ മേഖലയിലെ മികച്ച ഇടപെടലുകളാണ് പുരസ്‌കാര നേട്ടത്തിലേക്ക് പഞ്ചായത്തിനെ നയിച്ചത്. നേരത്തെ കായകല്‍പ അവാര്‍ഡ്, എന്‍.ക്യു.എ.എസ് അംഗീകാരം തുടങ്ങിയവയും എടവക പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനം മുട്ടില്‍ ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം മൂപ്പൈനാട് ഗ്രാമപഞ്ചായത്തും നേടി. 202223 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളില്‍ നൂല്‍പ്പുഴ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം അമ്പലവയല്‍ പഞ്ചായത്തും മൂന്നാം സ്ഥാനം എടവക പഞ്ചായത്തും സ്വന്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
