സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

കല്‍പ്പറ്റ: 2024 ജൂലായ് മാസത്തില്‍ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു. ഒരു വര്‍ഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികള്‍ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നില്ക്കുമ്പോള് പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.ജിതേഷ്, സജി ജോണ്‍, ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, എന്‍.വി. അഗസ്റ്റിന്, എം. നസീമ, ഗ്ലോറിന്‍ സെക്വീര, സിനീഷ് ജോസഫ്, പി.ജെ.ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ. സുഭാഷ്, കെ.ജി. പ്രശോഭ്, ശ്രീജിത്ത്കുമാര്‍, കെ എസ്.സുഗതന്, എം.ധനേഷ്, രാഘവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍