വള്ളിയൂര്‍ക്കാവില്‍ നിന്നും ചന്ദനം അടിച്ചുമാറ്റിയോ ? സ്‌റ്റോക്ക് രജിസ്റ്ററില്‍ 26 കിലോ ചന്ദനമുട്ടികളുടെ കുറവ്

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വത്തിന്റ ചന്ദനമുട്ടികളുടെ തൂക്കത്തില്‍ കുറവ്. 58.47 കിലോഗ്രാം ചന്ദമുട്ടികളുണ്ടായിരുന്നത് ഓഡിറ്റ് പരിശോധന നടത്തുമ്പോള്‍ 32 കിലോഗ്രാമായി കുറഞ്ഞു. ചാക്കില്‍ കെട്ടിവെച്ച നിലയിലുള്ള ചന്ദനമുട്ടികള്‍ പലതും ദ്രവിച്ചു നശിക്കുകയും ചെയ്തിരുന്നു.2023 ലെ ഓഡിറ്റില്‍ കണ്ടെത്തിയ കാര്യം ഇപ്പോഴാണ് പുറത്തായത്.
വള്ളിയൂര്‍ക്കാവ് ദേവസ്വം വളപ്പില്‍നിന്നു മുമ്പ് ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രാവശ്യത്തിനായി ചന്ദനമരങ്ങള്‍ മുറിച്ച് ഓഫീസില്‍ സൂക്ഷിച്ചത്. പത്തുവര്‍ഷത്തോളം മുമ്പാണ് ചന്ദനമരങ്ങള്‍ മുറിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത് ജോലി ചെയ്ത എക്‌സിക്യുട്ടീവ് ഓഫീസര്‍മാരോട് രേഖാമൂലം വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്കു മറുപടി നല്‍കുമെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.വി. വിജയന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനു പിന്നാലെയാണ് ക്ഷേത്രാവശ്യത്തിനു മുറിച്ചുവെച്ച ചന്ദനമുട്ടികള്‍ കാണാതായത് പുറത്തറിയുന്നത്.
മേല്‍ശാന്തിക്കു നല്‍കുന്ന ചന്ദനമുട്ടികളുടെ വിവരങ്ങള്‍ ദേവസ്വം രജിസ്റ്ററില്‍ എഴുതുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ക്ഷേത്രാവശ്യത്തിനു നല്‍കിയ ചന്ദനമുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ വിട്ടുപോയാലും കുറവ് വരാം. മുറിച്ചു സൂക്ഷിച്ചവയില്‍ കാതലില്ലാത്ത ചന്ദനവും വരും. വെട്ടിയെടുത്ത ചന്ദനത്തടികള്‍ ഉണങ്ങി തൂക്കം കുറയാനും കാതലല്ലാത്തവ ചിതലരിച്ചു നശിക്കാനും സാധ്യതയുണ്ട്. 2023നു ശേഷം നാലോളം ഉദ്യോഗസ്ഥര്‍ ദേവസ്വത്തിന്റെ എക്‌സിക്യുട്ടീവ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. 2023ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഈ വര്‍ഷം മാര്‍ച്ചിലാണ് ദേവസ്വം അധികൃതര്‍ക്കു ലഭിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍