വിദ്യാഭ്യാസ മന്ത്രിയുടെ ഇടപടല്‍ തുണയായി; വയനാട് ജില്ലയിലെ 35 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്

കല്‍പ്പറ്റ: ഇഷ്ടപ്പെട്ട വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം ലഭിക്കാത്തതിനാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയ ജില്ലയിലെ 35 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപടല്‍. പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കുകയും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇഷ്ട വിഷയങ്ങളില്‍ പ്രവേശനം ഉറപ്പാക്കി സ്‌കൂളിലേക്കുള്ള വഴിതുറന്നത്. കുട്ടികള്‍ക്ക് താത്പര്യമുള്ള വിഷയത്തില്‍ അതത് സ്‌കൂളുകളില്‍ അധിക സീറ്റുകള്‍ സൃഷ്ടിച്ച് ഇവര്‍ക്ക് പ്രവേശനം നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഇതനുസരിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഉത്തരവിറക്കി.
ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്ന് അലോട്ട്‌മെന്റുകളും സപ്ലിമെന്ററി ഘട്ടത്തില്‍ രണ്ട് അലോട്ട്‌മെന്റകളും സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റും പൂര്‍ത്തിയായി പ്രവേശന നടപടികള്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച വിഷയം മന്ത്രിയുടെ ശ്രദ്ധയിലെത്തിയത്. പഠിക്കാന്‍ താത്പര്യമുള്ള വിഷയത്തില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ കുട്ടികളുടെ തുടര്‍പഠനം പാതി വഴിയില്‍ മുടങ്ങുകയായിരുന്നു
പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രവേശന വിവരങ്ങള്‍ വിശദമായി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന മൂന്ന് ഓപ്ഷനുകളില്‍ ഒന്നില്‍ അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം അനുവദിച്ച് ഉത്തരവായി. കുട്ടികള്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ തന്നെയാണ് അധിക സീറ്റുകള്‍ സൃഷ്ടിച്ചത്.
ചീരാല്‍ ഗവ എച്ച്.എസ്.എസ്, കല്ലൂര്‍ ജി.എച്ച്.എസ്.എസ്, ആനപ്പാറ ജി.എച്ച്.എസ്.എസ്, നൂല്‍പ്പുഴ മൂലങ്കാവ് ജി.എച്ച്.എസ്.എസ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ്, സര്‍വ്വജന വി.എച്ച്.എസ്.എസ്, അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് അധിക സീറ്റുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളെ ബന്ധപ്പെട്ട് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവേശനം കേന്ദ്രീകൃത രജിസ്ട്രിയില്‍ ഉള്‍പ്പെടുത്താന്‍ ഹയര്‍സെക്കന്‍ഡറി അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍