തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്

ആനക്കാംപൊയില്‍: ആനക്കാംപൊയില്‍ കണ്ണാടി മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തുരങ്കപാത നിര്‍മ്മാണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി വയനാട് ചുരത്തിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയില്‍ മേപ്പാടി തുരങ്കപാത
കോഴിക്കോടിന്റെയോ വയനാടിന്റെയോ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതിയായി ലോകത്തിന് മാതൃകയാവും.
കേരളത്തിലെ മലയോര മേഖല മുന്‍കാലങ്ങളില്‍ പശ്ചാത്തല സൗകര്യത്തില്‍ അപര്യാപ്തതയാല്‍ പ്രയാസപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ മലയോര ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ്. കാര്‍ഷികവ്യാപാര മേഖലക്ക് ടണല്‍ റോഡ് കൂടുതല്‍ പ്രയോജനപ്പെടും. മലബാറിലെ ജനങ്ങള്‍ക്ക് കര്‍ണ്ണാടകയിലേക്കുള്ള യാത്ര സുഗമമാകും. തുരങ്ക പാത പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ ആകര്‍ഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വയനാട് ജില്ലയില്‍ കോവിഡ് കാലത്തേക്കാളും 16.21 ശതമാനം അധികം ആഭ്യന്തര സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തില്‍ ജില്ലയില്‍ 24.46 ശതമാനം വര്‍ദ്ധനവുണ്ടായി.
ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ടണല്‍ റോഡ്
സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള എല്ലാ യാത്രാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സാധ്യമാക്കും.
ചുരത്തിലെ 6,7,8 വളവുകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. ജില്ലയിലേക്കുള്ള ബദല്‍പാതയായ പൂഴിത്തോട്പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മ്മാണത്തിനായി വനത്തിനകത്ത് 6.5 കിലോ മീറ്ററും വനേതര ഭാഗത്ത് 10 കിലോ മീറ്ററും പൂഴിത്തോട് വനേതര ഭാഗത്തെ 5 കിലോ മീറ്ററിലും സര്‍വ്വെ പൂര്‍ത്തിയാക്കി. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സര്‍വ്വെ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് പൂര്‍ത്തിയാക്കും. ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തിക്കായി ഒന്നര കോടി രൂപ പൊതുമരാമത്ത് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍